ഈവര്‍ഷം കളിച്ചത് 10 മത്സരങ്ങള്‍; എന്നിട്ടും കോഹ്ലി തന്നെ താരം

റെക്കോഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനും കോഹ്‌ലിക്ക് ഇനി നൂറില്‍ത്താഴെ റണ്‍സ് മതി. ഇതുവരെ 212 ഏകദിനങ്ങള്‍ (204 ഇന്നിങ്‌സ്) കളിച്ച കോഹ്‌ലി 58.69 റണ്‍സ് ശരാശരിയില്‍ 9919 റണ്‍സാണ് നേടിയിട്ടുള്ളത്. 10,000 റണ്‍സ് തികയ്ക്കാന്‍ വേണ്ടത് 81 റണ്‍സ് കൂടി മാത്രം. ഇതോടെ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമായി കോഹ്‌ലി മാറും. മറികടക്കുക സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ!

ഏകദിനത്തിലെ സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിനു ഭീഷണി സൃഷ്ടിച്ചു മുന്നേറുകയാണ് കോഹ്‌ലി. അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ മൂന്നിലും സെഞ്ചുറി നേടിയ കോഹ്‌ലിയുടെ ആകെ സെഞ്ചുറിനേട്ടം 36 ആയി ഉയര്‍ന്നുകഴിഞ്ഞു. 49 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടം അധികം വൈകാതെ കോഹ്‌ലി മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈ വര്‍ഷവും മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഈവര്‍ഷം ഇതുവരെ കളിച്ചത് ആകെ 10 മല്‍സരങ്ങള്‍. ഇതില്‍നിന്ന് 889 റണ്‍സുമായി ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍മാരില്‍ നാലാം സ്ഥാനത്താണ് കോഹ്‌ലി. 127 ആണ് കോഹ്‌ലിയുടെ ശരാശരി. 111 റണ്‍സ് കൂടി നേടിയാല്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കാനും കോഹ്‌ലിക്ക് അവസരമുണ്ട്. ചെറുടീമുകള്‍ക്കെതിരായ മല്‍സരങ്ങളില്‍ മിക്കപ്പോഴും വിശ്രമം അനുവദിക്കപ്പെട്ട കോഹ്!ലി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വമ്പര്‍മാര്‍ക്കെതിരെ അവരുടെ നാട്ടിലാണ് കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചതെന്നതും ശ്രദ്ധേയം.

22 മല്‍സരങ്ങളില്‍നിന്ന് 46.59 റണ്‍സ് ശരാശരിയില്‍ 1025 റണ്‍സുമായി ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയാണ് ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളതും ഇംഗ്ലണ്ടുകാര്‍ തന്നെ. ഈ വര്‍ഷം ഇരുപതിലധികം മല്‍സരങ്ങള്‍ കളിച്ചതിന്റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നതെന്നു വ്യക്തം. 23 മല്‍സരങ്ങളില്‍നിന്ന് 62.40 റണ്‍സ് ശരാശരിയില്‍ 936 റണ്‍സാണ് ജോ റൂട്ടിന്റെ സമ്പാദ്യം. കോഹ്‌ലിയേക്കാള്‍ 13 മല്‍സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടും അധികം നേടാനായത് 47 റണ്‍സ് മാത്രം..!!! ജേസണ്‍ റോയി 21 മല്‍സരങ്ങളില്‍നിന്ന് 42.38 റണ്‍സ് ശരാശരിയില്‍ നേടിയത് 890 റണ്‍സ്. 11 മല്‍സരങ്ങള്‍ അധികം കളിച്ച് കൂടുതലായി നേടിയത് ഒരേയൊരു റണ്‍.!!!

ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ ഇംഗ്ലണ്ടിന്റെ മൂവര്‍ സംഘത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് കോഹ്‌ലി. ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍നിന്ന് നാലു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നാലു മല്‍സരങ്ങള്‍ കൂടി അവശേഷിക്കെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ നേടിയ റണ്‍സിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നാലും അദ്ഭുതപ്പെടാനില്ല.

ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോഹ്‌ലിക്കു പിന്നിലുള്ള രണ്ടു താരങ്ങളും ഇന്ത്യക്കാരാണ്. 15 മല്‍സരങ്ങളില്‍നിന്ന് 72.09 റണ്‍സ് ശരാശരിയില്‍ 793 റണ്‍സുമായി രോഹിത് ശര്‍മ തൊട്ടുപിന്നിലുണ്ട്. അത്രതന്നെ മല്‍സരങ്ങളില്‍നിന്ന് 56.35 റണ്‍സ് ശരാശരിയില്‍ 789 റണ്‍സുമായി ശിഖര്‍ ധവാന്‍ അതിനും പിന്നില്‍. വിന്‍ഡീസിനെതിരായ പരമ്പരയോടെ ഇംഗ്ലണ്ടിന്റെ മൂവര്‍സംഘത്തെ പിന്നിലാക്കി മുന്നില്‍ക്കയറാന്‍ ഇന്ത്യയുടെ മൂവര്‍സംഘത്തിന് അവസരമുണ്ടെന്നു ചുരുക്കം. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (നാല്) നേടിയ രണ്ടു താരങ്ങള്‍ കോഹ്‌ലിയും രോഹിതുമാണ്. യഥാക്രമം 10, 15 മല്‍സരങ്ങള്‍ കളിച്ച ഇവര്‍ക്കൊപ്പം നാലു സെഞ്ചുറികള്‍ നേടിയ ബെയര്‍സ്‌റ്റോയ്ക്ക് അതിനു വേണ്ടിവന്നത് 22 മല്‍സരങ്ങളാണ്.

pathram:
Leave a Comment