ഇന്റേണ്‍ഷിപ്പിനിടെ കേന്ദ്രമന്ത്രി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; മീ ടൂ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സമിതി

ന്യൂഡല്‍ഹി: ‘മീ ടൂ’ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു. കേന്ദ്രമന്ത്രിക്കെതിരേ ലൈംഗികാരോപണം വന്നതോടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ചു. വിരമിച്ച നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. അതേസമയം കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പരാതിയുമായി മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂടി രംഗത്തെത്തി. കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണു കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്റേണ്‍ഷിപ്പിനിടെ എം.ജെ. അക്ബറില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

താന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് മാധ്യമ പ്രവര്‍ത്തക മജ്‌ലി ഡി പൈ വെളിപ്പെടുത്തിയത്. 18ാം വയസിലാണ് ഇവര്‍ ഇന്റേണ്‍ഷിപ്പിനായി അക്ബറിന്റെ ഏഷ്യന്‍ ഏജ് ഓഫീസില്‍ എത്തിയത്. 2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്ത് എം.ജെ അക്ബര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.എം.ജെ അക്ബര്‍ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തെന്ന് യുവതി പറയുന്നു.’ഫോട്ടോകള്‍ നല്‍കാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഒട്ടും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകള്‍ നല്‍കി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.’അവര്‍ വിവരിക്കുന്നു.

‘ഞാനിരുന്നിരുന്ന ഡെക്‌സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. അദ്ദേഹം എന്റെ ഷോള്‍ഡറിന് താഴെയായി കയ്യില്‍ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനു നേരേയ്ക്ക് വലിച്ച് എന്റെ വായില്‍ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.’ അവര്‍ പറയുന്നു.’അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേല്‍ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.’ എന്നും അവര്‍ വിശദീകരിക്കുന്നു.

1990കളില്‍ ഡല്‍ഹിയില്‍ വിദേശ കറസ്‌പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കള്‍ വഴിയാണ് അക്ബറിനെ പരിചയപ്പെട്ടതെന്നും അവര്‍ പറയുന്നു. ‘അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.’ അവര്‍ പറയുന്നു.എം.ജെ അക്ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.

പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ.അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഏഴു വനിതകളാണ് നേരത്തെ തുറന്നുപറഞ്ഞത്. ഇതില്‍ ചിലത് അതീവഗുരുതരവും അന്വേഷണമുണ്ടായാല്‍ അക്ബറിനു ജയില്‍ശിക്ഷ കിട്ടാവുന്നതുമാണ്. അതുകൊണ്ടുതന്നെ വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന അക്ബറിനോട് ആരോപണങ്ങളില്‍ വിശദീകരണം തേടിയശേഷമാകും നടപടി. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന് കളങ്കമേല്‍പ്പിച്ച ഒരാളെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിലെയും ബി.ജെ.പിയിലെയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

pathram:
Leave a Comment