വൈദ്യുതി നിരക്ക് നിര്‍ണയത്തിലും വിതരണത്തിലും വന്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം; ഇളവ് അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നടപ്പിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡി മാതൃകയില്‍ വൈദ്യുതി നിരക്കിലെ ഇളവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന രീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുതി നിയമത്തിന്റെ കരടിലാണ് നിരക്ക് നിര്‍ണയവും വിതരണനയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജമന്ത്രാലയം തയാറാക്കിയ കരട് നിയമത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

ഗാര്‍ഹിക വാണിജ്യ വ്യാവസായിക നിരക്കുകള്‍ ക്രമേണ ഏകീകരിക്കുകയെന്നതാണ് പുതിയ വൈദ്യുതി നിയമത്തിന്റെ കാതല്‍. എന്നാല്‍ സബ്‌സിഡി തല്‍ക്കാലം ഒഴിവാക്കില്ല. ഗാര്‍ഹിക ഉപയോക്താക്കളും സൗജന്യ നിരക്കിന് അര്‍ഹതയുള്ള മറ്റ് ഉപയോക്താക്കളും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്ക് അതുപോലെ നല്‍കേണ്ടിവരും.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിളവ് ഗ്യാസ് സബ്‌സിഡി മാതൃകയില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ശുപാര്‍ശ ഇതാണ്. വാണിജ്യ വ്യവസായിക ഉപയോക്താക്കള്‍ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ നിലവില്‍ സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 1 രൂപ 20 പൈസയും എക്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 90 പൈസയുമാണ് നിരക്ക്. ഈ സര്‍ചാര്‍ജ് രണ്ടുവര്‍ഷത്തിനകം ഇല്ലാതാക്കണമെന്നതാണ്.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനെ നിയമിക്കുന്നതിനുള്ള അധികാരം ഇനി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷനായിരിക്കും. വിതരണ ലൈസന്‍സികള്‍ സ്മാര്‍ട് മീറ്റര്‍ , പ്രീപെയ്ഡ് മീറ്റര്‍ എന്നിവ ഉപയോഗിക്കാം. വൈദ്യുതി നിരക്ക് നിര്‍ണയത്തിലും വിതരണ നയത്തിലും വന്‍അഴിച്ചുപണി ലക്ഷ്യമിടുന്ന ശുപാര്‍ശകള്‍ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തുവന്നു. കേരളം ഇതുവരെയും അഭിപ്രായം അറിയിച്ചിട്ടില്ല.

pathram:
Related Post
Leave a Comment