പിണറായി സര്‍ക്കാരിനെതിരേ വി.എസ്.

പാലക്കാട്: പിണറായി സര്‍ക്കാരിനെതിരേ വീണ്ടും വി.എസ്. അച്യുതാനന്ദന്‍. എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയതിനെതിരെയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ വി.എസ്. രംഗത്തെത്തിയിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു.

ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണു വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഇത് ആശങ്കാജനകമാണ്. പെപ്‌സി, കോക്ക കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വിഎസ് പറഞ്ഞു.

അതിനിടെ, ബ്രൂവറി വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ടി.പി. രാമകൃഷ്ണന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. സമരക്കാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിനു മുന്നില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെതിതുടര്‍ന്ന് പൊലീസ് ലാത്തിവീശി. രണ്ടുപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

pathram:
Leave a Comment