ദേവാസുരം റീമേക്കില്‍ മംഗലശേരി നീലകണ്ഠന്‍ ആകാന്‍ യോഗ്യതയുള്ള യുവതാരം ആര്? രഞ്ജിത്ത്‌ പറയുന്നു

മലയാളത്തിലെ എവര്‍ഗ്രീന്‍ മോഹന്‍ലാല്‍ ചിത്രം ദേവാസുരം 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ അവസരത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ മറുപടി വൈറലാകുകയാണ്. ദേവനും അസുരനും ഒരുമിച്ചെത്തിയ മംഗലശേരി നീലകണ്ഠന്‍ എന്ന മാടമ്പി കഥാപാത്രം പുതുതലമുറയിലെ ആര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.

‘ ഈ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഈ തലമുറയിലെ താരങ്ങള്‍ക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠന്‍ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹന്‍ലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഈ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ രഞ്ജിത്ത് പറയുന്നു.

ഒരു ചാനല്‍ പരിപാടിയിലാണ് രഞ്ജിത് മനസ്സുതുറന്നത്. മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയമാണ് ദേവാസുരത്തിന്റെ പശ്ചാത്തലം. അതിലേക്ക് കച്ചവടസിനിമയ്ക്കാവശ്യമായ ചേരുവകള്‍ കൂടി ചേര്‍ത്തപ്പോള്‍ സിനിമ ചരിത്രവിജയമാവുകയായിരുന്നു. മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് ചോദിച്ചത്.

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തില്‍ 1993 ആഗസ്റ്റ് 29ന് ദേവാസുരം ആണ് റിലീസ് ആയത്. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ല്‍ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വന്‍ വിജയമായിരുന്നു.

pathram desk 1:
Leave a Comment