പ്രിയ വാര്യറോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുത്.. അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്; ഒമര്‍ ലുലു

പ്രിയ പി. വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍. ‘സിനിമയ്ക്കു കാശുമുടക്കിയ നിര്‍മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.’

‘പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്.’-ഒമര്‍ ലുലു പറഞ്ഞു. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുക കൂടിയായിരുന്നു ഒമര്‍.

ഇതിനിടയ്ക്ക് നിര്‍ത്തി പോടാ ഊളകളെ എന്ന് പറഞ്ഞ് ഒരാള്‍ എത്തി. അത് എന്നെയല്ല റോഷനെയാണ് പറഞ്ഞതെന്ന് ഒമര്‍ പറഞ്ഞു.

മാണിക്യമലരിനുശേഷം അഡാറ് ലൗവിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഫ്രീക്ക് പെണ്ണേ എന്ന ഈ ഗാനത്തിനു നേരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനേഴ് ലക്ഷം ആളുകള്‍ കണ്ട ഗാനത്തിന് രണ്ടുലക്ഷം ഡിസ്ലൈക്സ് ആണ് ലഭിച്ചത്.

pathram desk 1:
Related Post
Leave a Comment