ഹനാൻ്റെ വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചതോ? പെണ്‍കുട്ടിയുടെ സംശയങ്ങളില്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊടുങ്ങല്ലൂര്‍: മത്സ്യം വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയതിന്റെ പേരില്‍ ജനശ്രദ്ധ നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സംഭവിച്ച വാഹനാപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഹനാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടം സംബന്ധിച്ച് അന്വേഷിക്കുന്നതെന്ന് മതിലകം പോലീസ് അറിയിച്ചു.

ഈ മാസം മൂന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്ന് ഒരു ഉദ്ഘാടന പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. റോഡരികിലെ വൈദ്യൂതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഹനാന്റെ തണ്ടെല്ലിന് പരിക്കേറ്റിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന ജിതേഷ്‌കുമാറിന് കാര്യമായി പരിക്കേറ്റിരുന്നില്ല. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി സര്‍ജറിക്ക് വിധേയമാക്കിയിരുന്നു.

സുഖംപ്രാപിച്ച് വരുന്നതിനിടെ, അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഹനാന്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവം അറിഞ്ഞ് ഉടന്‍ എത്തിയ ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പ്രതിനിധിയുടെ രംഗപ്രവേശത്തിലും ഡ്രൈവറുടെ സമീപനത്തിലും ഹനാന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനേതുടര്‍ന്ന് ഇവരുടെ മൊഴി പൊലീസ് എടുത്തിരുന്നു. എന്നാല്‍ സെലിബ്രിറ്റി പ്രകടിപ്പിച്ച സംശയം എന്ന നിലയില്‍ വിഷയം ഗൗരവത്തോടെ കണ്ട് അന്വേഷിക്കുകയാണ് പൊലീസ്.

അപകടത്തിന്റെ അവസ്ഥയും ദൃക്സാക്ഷിയെയുമെല്ലാം മുന്‍നിര്‍ത്തി അപകടം ഡ്രൈവര്‍ ബോധപൂര്‍വം ഉണ്ടാക്കിയതല്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം. സാധാരണഗതിയില്‍ ഡ്രൈവര്‍മാര്‍ സ്വയം അപകടം ഉണ്ടാക്കാന്‍ സാധ്യതയില്ല. അത് അവരെയും ബാധിക്കുമെന്നതിനാലാണ്. അപകടത്തില്‍ വൈദ്യൂത പോസ്റ്റും കാറും തകര്‍ന്നിരുന്നു.രണ്ടിന്റേയും ചെലവ് ഡ്രൈവര്‍ വഹിക്കേണ്ടി വന്നു. പക്ഷേ സെലിബ്രിറ്റിയുടെ പരാതി എന്ന നിലയില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് പഴുതടച്ച അന്വേഷണത്തിന് ശേഷം മാത്രം പരാതി അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

pathram desk 1:
Leave a Comment