പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷം; ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ രാജ്യത്തിന്റെ പുറത്തേക്ക് അയയ്ക്കുന്ന പണത്തിനു നികുതി ഈടാക്കില്ല. പുറത്തേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്താന്‍ ആലോചനയില്ലെന്നു സൗദി ധനമന്ത്രാലയം വ്യക്തമാക്കി. ഈടാക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിലവില്‍ വിദേശ കറന്‍സികള്‍ക്കെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷമേകുന്ന കാര്യമാണ്. ഇതിനോടൊപ്പം വിദേശത്തേക്ക് അയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നും വ്യക്തമായതോടെ ഇന്ത്യക്കാരായ പ്രവാസികളുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്.

രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സൗദിക്ക് പുറത്തേക്ക് പണം അയക്കുന്നതിനു അധികഫീസോ നികുതിയോ ഈടാക്കില്ല. വിദേശത്തേക്ക് പണം അയയ്ക്കുന്നതിനു ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, പണം അയക്കുന്നതിനു വിദേശികളോട് ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സര്‍വീസ് ചാര്‍ജിന്റെ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി മാത്രമാണ് ഈടാക്കുന്നതെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലുള്ള ഒരു കോടിയോളം വരുന്ന പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 2.75 ലക്ഷം കോടി രൂപ മാതൃരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ കണക്ക്.

pathram:
Leave a Comment