മുഖ്യമന്ത്രി ചുമതല നല്‍കാതിരുന്നത് മന്ത്രിമാരെ വിശ്വാസമില്ലാഞ്ഞിട്ടോ..?

കണ്ണൂര്‍: മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോള്‍ മറ്റാര്‍ക്കും ചുമതല നല്‍കാത്തതു മന്ത്രിമാരില്‍ വിശ്വാസമില്ലഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎല്‍എ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍ 1996ലും ഉമ്മന്‍ ചാണ്ടി 2006ലും വിദേശത്തു പോയപ്പോള്‍ പകരം മന്ത്രിമാര്‍ക്കു ചുമതല നല്‍കിയിരുന്നു. മുഖ്യമന്ത്രിയില്ലാത്തതിനാല്‍ സംസ്ഥാനത്തു ഭരണസ്തംഭനമുണ്ടാകും. മൂന്നാഴ്ചത്തേക്കു കേരളം നാഥനില്ലാക്കളരിയാകും. പ്രളയ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ശ്രദ്ധ ദുരിത്വാശ്വാസത്തില്‍നിന്നു പണപ്പിരിവിലേക്കു മാറി. മന്ത്രിമാര്‍ വിദേശരാജ്യങ്ങളില്‍ പോയി പണം പിരിക്കാനാണു തീരുമാനം. പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഒരു താലൂക്കില്‍ ഒരു മന്ത്രിക്കു ചുമതല നല്‍കുകയാണു വേണ്ടതെന്നും കെ.സി. ജോസഫ് പറഞ്ഞു.

ചികിത്സയ്ക്കുവേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാര്‍ക്കാര്‍ക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചിരുന്നു. സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് അദ്ദേഹം. പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ അങ്ങനെതന്നെ തുടരും. മന്ത്രിസഭായോഗത്തിനു ജയരാജന്‍ അധ്യക്ഷതവഹിക്കുമോയെന്നു ചോദിച്ചപ്പോള്‍, അതൊക്കെ അപ്പോഴുള്ള കാര്യമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രളയദുരിതാശ്വാസത്തിനു ധനസമാഹരണം നടത്താന്‍ മന്ത്രിമാര്‍ വിദേശത്തേക്കുപോകുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാനാകും. ഈ മാസം 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ചുമതലപ്പെടുത്തിയ ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. അതിനുശേഷമാണു വിദേശത്തേക്കു പോകുക. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജയരാജന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് കെ.സി. ജോസഫിന്റെ ആരോപണം ഉണ്ടായത്.

pathram:
Leave a Comment