ഒടുവില്‍ മധുരരാജയുടെ സെറ്റില്‍ മമ്മൂട്ടിയെത്തി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ ‘പുലിമുരുകന്‍’ എന്ന മെഗാ ഹിറ്റിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മെഗാസ്റ്റാര്‍ കഴിഞ്ഞദിവസം സെറ്റില്‍ ജോയിന്‍ ചെയ്തു. ചെറായി ബീച്ചിലായിരുന്നു കഴിഞ്ഞദിവസത്തെ ചിത്രീകരണം നടന്നത്.

എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തിയ വൈശാഖിന്റെ തന്നെ ‘പോക്കിരിരാജ’യുടെ രണ്ടാംഭാഗമാണ് ‘മധുരരാജ’. മമ്മൂട്ടി ആഗസ്റ്റ് 20ന് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച മഴയിലും പ്രളയത്തിലും സിനിമയുടെ ചിത്രീകരണം മാറ്റിവയ്ക്കുകയും മമ്മൂട്ടി അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തിരക്കിലുമായിരുന്നു.

പുലിമുരുകനു ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും മധുരരാജയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.

ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

pathram desk 2:
Leave a Comment