‘ഇന്ത്യന്‍ ടീമിന് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക ഇതാണ്’,ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ജയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ്, കോഹ്ലി മത്സരത്തിന് ശേഷം പറഞ്ഞു.

വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ മാച്ച് ഫീയും സംഭാവന ചെയ്ത് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താരത്തിന് 15 ലക്ഷം വീതമാണ് മാച്ച്. ഏതാണ്ട് രണ്ട് കോടിയോളം വരും മൊത്തം തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും താരങ്ങള്‍ പണം സംഭാവന നല്‍കുക.

നേരത്തെ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കി കോഹ് ലി മുന്നോട്ടു വന്നിരുന്നു. സച്ചിന്‍, ഹര്‍ദിക് പാണ്ഡ്യ, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പ്രളയ കെടുതിയില്‍ വലയുന്ന മലയാളികള്‍ക്ക് പിന്തുണ അറിയിക്കുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം എന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്, ഹസന്‍ അലി എന്നീ പാക് താരങ്ങളും, റോമ, ലിവര്‍പൂള്‍, ബാഴ്സലോണ എന്നീ ഫുട്ബോള്‍ ക്ലബുകളും കേരളത്തിന് ഒപ്പമുണ്ടെന്ന് പറയാന്‍ മടി കാണിച്ചില്ല.

pathram desk 2:
Leave a Comment