ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, എംജിആറായി മോഹന്‍ലാല്‍ !

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കും. ചിത്രത്തില്‍ എംജി ആറിന്റെ കഥാപാത്രമായി മോഹന്‍ലാലിനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കഥാപാത്രത്തിനായി കമല്‍ഹാസനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നായകനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുഷ്‌ക്ക ഷെട്ടിയോ ഐശ്വര്യ റായിയോ ആയിരിക്കും നായികയെന്നാണ് റിപ്പോര്‍ട്ട്. ആദിത്യ ഭരദ്വാജാണ് അമ്മ- പുരട്ചി തലൈവി എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗിതനിര്‍വഹണ ചര്‍ച്ചകള്‍ക്കായി ഭാരതി രാജയും ആദിത്യയും ഇളയരാജയുമായി കൂടിക്കാഴ്ച്ച നടത്തി.

1997ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ഇരുവരില്‍ മോഹന്‍ലാല്‍ എം ജി ആറുമായി സാദൃശ്യമുള്ള ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതില്‍ ജയലളിതയുമായി സാമ്യമുള്ള പുഷ്പവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യറായി ആയിരുന്നു. ഇതാണ് മോഹന്‍ലാലിനെയും ഐശ്വര്യയെയും വീണ്ടും പരി?ഗണിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുക.

ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ തമിഴകത്ത് മൂന്ന് പേരാണ് മത്സരിക്കുന്നത്. ഭാരതിരാജയ്ക്ക് പുറമെ എ എല്‍ വിജയും പ്രിയദര്‍ശിനിയും തമിഴകത്തിന്റെ അമ്മയുടെ കഥ പറയാന്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ എ എല്‍ വിജയ് ഒരുക്കുന്ന ജയലളിതയുടെ ചിത്രത്തില്‍ നായികയായി നയന്‍താരയെയും വിദ്യാബാലനെയുമാണ് പരിഗണിക്കുന്നത്.

pathram desk 2:
Leave a Comment