ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആര് വിജയിക്കും; ഇന്ത്യാ ടുഡേ സര്‍വ്വേ പറയുന്നത്

ന്യൂഡല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ ജൂലൈ 2018 പോള്‍. 2018 ജനുവരിയിലെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ നിന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യത്തിന് 20 സീറ്റ് അധികം ലഭിക്കുമെന്നും മൂഡ് ഓഫ് ദി നേഷന്‍ ജൂലൈ 2018 പറയുന്നു.

281 സീറ്റുകളോടെ എന്‍.ഡി.എ കേവല ഭൂരിപക്ഷം മറികടക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 122 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 140 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

36 ശതമാനം വോട്ടുകള്‍ എന്‍.ഡി.എ നേടുമ്പോള്‍ യു.പി.എയുടെ വോട്ടുവിഹിതം 31 ശതമാനമായിരിക്കുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തെ സര്‍വേയിലെ വോട്ടുവിഹിതത്തില്‍ നിന്ന് ബി.ജെ.പിയ്ക്ക് നാല് ശതമാനത്തിന്റെ ഇടിവ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് നാല് ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നാണ് മൂഡ് ഓഫ് ദി നേഷന്‍ ജൂലൈ 2018 സര്‍വേയിലെ കണ്ടെത്തല്‍. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ബി.ജെ.പി 245 സീറ്റുകള്‍ നേടും. അതേസമയം, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നേടാനാകുക 83 സീറ്റുകളാണ്. അതായത് കഴിഞ്ഞ തവണത്തെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം സീറ്റുകള്‍.

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 49 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. രണ്ടാംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് 27 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ഈ രണ്ട് നേതാക്കള്‍ തമ്മിലാണ് മത്സരം. മൂനാം സ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധിയ്ക്കാകട്ടെ വെറും 3 ശതമാനം പേരുടെ പിന്തുണയാണുള്ളത്. സര്‍വേയില്‍ പങ്കെടുത്തവര്‍ നരേന്ദ്രമോദിയ്ക്ക് പകരക്കാരനായി കാണുന്നതും രാഹുല്‍ ഗാന്ധിയെ തന്നെയാണ്.

തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിവയാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളായി തുടരുന്നത്. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. വിലക്കയറ്റമാണ് ഏറ്റവും വലിയ തലവേദനയെന്ന് 24 ശതമാനം പേരും അഴിമതിയാണ് പ്രശ്‌നമെന്ന് 18 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് സര്‍വേ പറയുന്നു. തൊട്ടു പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് എന്നിവര്‍ക്ക് രണ്ടു ശതമാനത്തില്‍ താഴെയാണ് പിന്തുണയുള്ളത്.

pathram desk 1:
Leave a Comment