പ്രളയത്തിലും വ്യാജന്‍മാര്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കമെന്ന് പറഞ്ഞിട്ടും കുറവില്ല

കൊച്ചി:’മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലായതിനാല്‍ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന് മണിക്കൂറിനകം എറണാകുളവും തൃശൂരും ആലപ്പുഴയും മുങ്ങും, വെള്ളം എറണാകുളം നഗരത്തിലേക്ക്, ഭൂതത്താന്‍കെട്ട് അണക്കെട്ട് തകര്‍ന്നു…, ‘ എന്നിങ്ങനെ വ്യാജവാര്‍ത്തകള്‍ പരക്കുകയാണ് തലങ്ങും വിലങ്ങും. എസ്എംഎസ്, വോയ്സ് മെസേജ്, ഫേസ്ബുക്ക് പോസ്റ്റ്, ഫോണ്‍വിളികള്‍ എന്നിങ്ങനെ പല രൂപങ്ങളിലാണ് വ്യാജസന്ദേശം പരക്കുന്നത്. കേട്ടത് സത്യമാണോയെന്ന് ചിന്തിക്കാനോ ശരിയാണോയെന്ന് സ്ഥിരീകരിക്കാനോ നില്‍ക്കാതെ കിട്ടിയപടി മറ്റുള്ളവരിലേക്ക് കൈമാറുകയാണ് പലരും.

ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നുണ്ട്. ഭീതിജനിപ്പിക്കുന്ന പോസ്റ്റുകള്‍ സൈബര്‍ ഡോം നീക്കുന്നുമുണ്ട്. വ്യാജസന്ദേശങ്ങള്‍ പടച്ചുവിടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം മുന്നറിയിപ്പുകള്‍ വന്നിട്ടും വ്യാജന്‍മാര്‍ക്ക് കൂസലില്ല.

ചിലര്‍ വ്യാജവാര്‍ത്ത കേട്ടയുടന്‍ പത്രമോഫീസുകളിലേക്കും റിപ്പോര്‍ട്ടര്‍മാരുടെ ഫോണുകളിലേക്കും വിളിച്ചു. ‘മുല്ലപ്പെരിയാര്‍ പൊട്ടിയോ?’ എന്നായിരുന്നു അന്വേഷണങ്ങളില്‍ ഏറെയും. ഇല്ലെന്നു പറഞ്ഞാലും വിശ്വാസമാകാതെ ചിലര്‍. സുരക്ഷാഭീഷണികാരണം അറിയിക്കാതെ വച്ചുകൊണ്ടിരിക്കുകയാണോ എന്നും തുടര്‍ചോദ്യങ്ങള്‍.

അതിനിടെ, എറണാകുളം നഗരത്തിലേക്ക് വെള്ളമെത്തിയെന്നും നഗരം മുങ്ങുമെന്നുമുള്ള ചാനല്‍വാര്‍ത്തകൂടിയായതോടെ ജനം കടുത്ത ഭീതിയിലായി. മഴപ്പെയ്ത്ത് കൂടിയാല്‍ നഗരത്തിലെ കാനകളും ചെറിയ തോടുകളും നിറഞ്ഞുകവിഞ്ഞ് വെള്ളം കയറുന്ന പതിവുണ്ടായിട്ടും പതിവുപോലെ വെള്ളം കയറിയപ്പോള്‍ ഉടന്‍ ചാനല്‍വാര്‍ത്തകള്‍ ‘നഗരത്തിലും വെള്ളമെത്തി’ എന്ന നിലയിലായിരുന്നു. ഇതുകേട്ടയുടന്‍ നഗരവാസികള്‍ അവശ്യസാധനങ്ങളെടുത്ത് നെട്ടോട്ടമോടാന്‍ തുടങ്ങി. നഗരത്തിലേക്ക് ഇറങ്ങിനോക്കിയവര്‍ക്ക് മനസ്സിലായി ചാനലുകളും പേടിപ്പിക്കുകയാണെന്ന്. ഇതിനിടെ, കടല്‍ ഇരച്ചുകയറുന്നുവെന്നും കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്നുമുള്ള പ്രചാരണങ്ങളും വന്നു. ഭക്ഷണസാധനങ്ങള്‍ പരമാവധി വാങ്ങിശേഖരിക്കുന്ന തിരക്കിലായി പലരും. ഇതിനിടെ, അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്നും പലയിടത്തും കടകള്‍ കുത്തിത്തുറക്കുന്നുവെന്നും വാട്സാപ് സന്ദേശങ്ങള്‍ പ്രചരിച്ചു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment