ജെ സി ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ശ്രീകുമാരന്‍ തമ്പി

കൊച്ചി:ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്‌കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ജെ.സി.ഡാനിയേല്‍ അവാര്‍ഡ്.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം അഞ്ചു ലക്ഷം രൂപ, ശില്‍പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപയായിരുന്നു. ഇക്കൊല്ലമാണ് അത് അഞ്ചായി ഉയര്‍ത്തിയത്. വെള്ളപ്പൊക്ക ദുരിതത്തില്‍ ആണ്ട കേരളത്തിന് തന്റെ വകയായുള്ള ദുരിതാശ്വാസ സംഭാവന ശ്രീകുമാരന്‍ തമ്പി മുഖ്യമന്ത്രിയ്ക്ക് കൈമാറി.

വിട്ടുമാറാത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകവും രംഗത്തുണ്ട്. നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.

നടി രോഹിണി രണ്ടു ലക്ഷം രൂപ സംഭാവന നല്‍കുന്നതായി പ്രഖ്യാപിച്ചു. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രഖ്യാപിച്ച 10 ലക്ഷത്തില്‍ ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉലക നായകന്‍ കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു.

pathram desk 2:
Leave a Comment