കമ്പകക്കാനം കൂട്ടക്കൊല: കൊല നടത്താന്‍ സമയം ഗണിച്ചു നല്‍കിയത് ജ്യോത്സ്യന്‍ ; സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ചയാളും, ജ്യോത്സ്യനും കുടുങ്ങും

ഇടുക്കി: കമ്പകക്കാനത്ത് കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് പ്രതികള്‍ ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയിരുന്നുവെന്ന് പൊലീസ്. കൊല നടത്തുന്നതിന് അനുകൂലമായി ഉപദേശം നല്‍കിയ ജ്യോതിഷിയും മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വയ്ക്കുന്നതിനു സഹായിച്ചയാളും കേസില്‍ പ്രതികളാവുമെന്ന് ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാല്‍ അറിയിച്ചു.

കൂട്ടക്കൊല നടത്തുംമുമ്പ് അടിമാലിയിലെ ജ്യോത്സ്യനെക്കണ്ടാണ് പ്രതികള്‍ കൂടിയാലോചന നടത്തിയത്. ഈ സമയത്ത് കൊല നടത്തിയാല്‍ പ്രശ്നമുണ്ടോ, അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ എന്നെല്ലാമാണ് ആരാഞ്ഞത്. കൊലയ്ക്ക് അനുകൂലമായ ഉപദേശമാണ് ജ്യോത്സ്യന്‍ നല്‍കിയത്. കൊല നടത്തേണ്ട സമയം ഗണിച്ചുനല്‍കിയത് ഇയാളാണ്. ഈ സമയത്ത് കൊല ചെയ്താല്‍ പിടിക്കപ്പെടില്ലെന്നും ഇയാള്‍ ഉപേദശം നല്‍കിയിരുന്നു.ഇയാള്‍ കേസില്‍ പ്രതിയാവുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പൊലീസ് മേധാവി വ്യക്തമാക്കി.

കൊല നടത്തിയ ശേഷം മൃതദേഹങ്ങളോട് പ്രതികള്‍ ക്രൂരത കാട്ടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി. കൃഷ്ണനെ മാത്രം കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് മുഖ്യപ്രതി അനീഷ് മൊഴി നല്‍കിയിരിക്കുന്നത്.

കൃഷ്ണന്റെ വീട്ടില്‍നിന്നു മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ സഹായിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും കേസില്‍ പ്രതിയാവുമെന്ന് പൊലീസ് അറിയിച്ചു.

pathram desk 2:
Leave a Comment