മുഖ്യമന്ത്രിയെ ട്രോളി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; ‘എത്ര പെട്ടെന്നാണ് കാലം പോയത്. ആശയങ്ങളും ആദര്‍ശങ്ങളും മാറിയത്’,

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയില്‍ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രതികരണം.തന്റെ സ്ഥാപനമായ വി ഗാര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു സിഐടിയു നേതൃത്വത്തില്‍ നടന്ന സമരത്തെ ഓര്‍ത്തെടുത്താണ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അന്ന് താന്‍ സിഐടിയുക്കാര്‍ക്ക് പെറ്റി ബൂര്‍ഷ്വയും അമേരിക്കന്‍ ചെരുപ്പു നക്കിയും ആയിരുന്നു. ഒരു ചെറുകിട വ്യവസായി മാത്രമായിരുന്നു താന്‍. ആകെയുണ്ടായിരുന്നത് ഒരു ലാംബെ സ്‌കൂട്ടര്‍. എത്ര പെട്ടെന്നാണ് കാലം പോയത്. ആശയങ്ങളും ആദര്‍ശങ്ങളും മാറിയത്- ചിറ്റിലപ്പിള്ളി ഫേസ് ബുക്കില്‍ കുറിച്ചു. ഒപ്പം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന്റെ വാര്‍ത്തയും.

അമേരിക്കയിലെ മിനസോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് പിണറായി ചികിത്സ തേടുന്നത്. ഓഗസ്റ്റ് 19 മുതല്‍ 17 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 13 ദിവസം മുഖ്യമന്ത്രി യു.എസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണ് സൂചന.

ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരാണ് വഹിക്കുന്നത്.

pathram desk 2:
Related Post
Leave a Comment