ക്രിക്കറ്റ് കളത്തില്‍ വിജയിക്കാന്‍ പത്രം വായിക്കുന്നത് ഒഴിവാക്കാന്‍ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചതായും അയ്യര്‍ വെളിപ്പെടുത്തി. ദേശീയ ടീമിനായി 2017ല്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് അയ്യര്‍ക്ക് ധോണി ഈ ഉപദേശം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ നടന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്ക് വിളി വന്നപ്പോഴാണ് താന്‍ ആദ്യമായി ധോണിയുമായി അടുത്ത് ഇടപഴകിയതെന്നും അയ്യര്‍ പറഞ്ഞു. ഇതേ പരമ്പരയിലൂടെയാണ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതും. ‘ഓപ്പണ്‍ ഹൗസ് വിത് റെനില്‍’ എന്ന ടോക് ഷോയിലാണ് അയ്യര്‍ മനസ്സു തുറന്നത്.
‘ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതിനുശേഷം ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ ധോണി എന്നോടു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്. പത്രം വായിക്കുന്നത് പരമാവധി ഒഴിവാക്കുക. രണ്ട്, സമൂഹമാധ്യമങ്ങളില്‍നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക’ അയ്യര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ഇന്നത്തെ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇത്തരം മേഖലകളില്‍നിന്ന് ലഭിക്കുന്ന വിമര്‍ശനങ്ങളാണ് കരിയറില്‍ വളരാന്‍ തന്നെ പ്രചോദിപ്പിക്കുന്നതെന്നും ഇരുപത്തിമൂന്നുകാരനായ അയ്യര്‍ വെളിപ്പെടുത്തി. ധോണി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ തനിക്ക് 10 വയസ്സായിരുന്നു പ്രായമെന്നും അയ്യര്‍ അനുസ്മരിച്ചു. അന്നുമുതല്‍ അദ്ദേഹത്തെ മാതൃകാ പുരുഷനാക്കിയാണ് താന്‍ കളത്തിലിറങ്ങിയിട്ടുള്ളതെന്നും അയ്യര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ ഇടയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനായും ശ്രേയസ് അയ്യര്‍ അവരോധിക്കപ്പെട്ടിരിക്കുന്നു. ആദ്യം ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്ന ഗൗതം ഗംഭീറിനു കീഴില്‍ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയായതോടെയാണ് അയ്യര്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. ടീമിന് മുന്നേറാനായില്ലെങ്കിലും താരമെന്ന നിലയില്‍ മികച്ച പ്രകടനമാണ് അയ്യര്‍ കഴിഞ്ഞ സീസണില്‍ നടത്തിയത്.
Leave a Comment