ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതി

കൊല്‍ക്കത്ത: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നുമായിരുന്നു മമതയുടെ വിമര്‍ശനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം. ബംഗാള്‍ മാറ്റത്തിന്റെ ചവിട്ട്പടിയാകുമെന്നാണ് മമത അവകാശപ്പെടുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളും നേടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യം.

നിലവില്‍ ബംഗാളിലെ 34 ലോക്‌സഭാ സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. അത് ഉയര്‍ത്താനാണ് മമത കൂട്ടായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 100ല്‍ താഴെയായി കുറയുമെന്നാണ് മമത അഭിപ്രായപ്പെട്ടത്.

സഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് അവരുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വെള്ളിയാഴ്ച ലോക്‌സഭയില്‍ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍, ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നും മമത അഭിപ്രായപ്പെട്ടു.

അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ വന്‍ നേട്ടമുണ്ടാക്കും. ബിജെപിക്ക് അവിടെ യാതൊരു നേട്ടവുമുണ്ടാകില്ല. ബിഎസ്പിഎസ്പി സഖ്യമുണ്ടായാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 50 സീറ്റുകള്‍ കുറയും. വിശാല സഖ്യവും ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മമത പറഞ്ഞു.

pathram:
Leave a Comment