പൃഥ്വിരാജ് എനിക്ക് അനിയനേപോലെ,പക്ഷേ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണെന്ന് രഞ്ജിത്ത്

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് നടന്‍ പൃഥ്വിരാജ് എന്ന് നിര്‍മാതാവ് എം.രഞ്ജിത്ത്. അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’,യുടെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ മികച്ച നടനാണ് പൃഥ്വിയെന്നത് സംശയമില്ലാത്ത കാര്യമാണ്. പൃഥ്വിരാജിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. എന്റെ വീട്ടിലുള്ള ഒരാള്‍, എന്റെ അനിയന്‍ അതാണ് പൃഥ്വി. എന്നോടും ഒരു ചേട്ടനെ പോലെയാണ് അദ്ദേഹം പെരുമാറിയിട്ടുള്ളതെന്നും രഞ്ജിത്ത് പറയുന്നു.

മൂന്നു സിനിമകളിലും എതിര്‍ത്തൊരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ആര്‍ക്കും ഉണ്ടാക്കില്ല. എന്റെ സിനിമയിലഭിനയിച്ച നടന്മാരെല്ലാം അങ്ങനെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. എന്നാല്‍, പൃഥ്വിയുടെ കാര്യം എടുത്തു പറയാന്‍ കാരണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണ് പൃഥ്വിരാജ് എന്നതുകൊണ്ടാണ്- രഞ്ജിത്ത് പറയുന്നു.
ചില പുതുമുഖ സംവിധായകരുടെ ആത്മാര്‍ഥതയില്ലായ്മ മലയാള സിനിമയെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നൂറു ശതമാനം വിശ്വാസത്തോടെയാണ് താന്‍ സമീപിച്ചതെന്നും
നല്ല സിനിമകള്‍ ചെയ്യുന്ന ഒരാളാണ് അഞ്ജലിയെന്നും രഞ്ജിത്ത് പറയുന്നു.

നല്ല സിനിമ ചെയ്യാന്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ സാമ്പത്തികമായി നന്നാവണമെന്ന ആഗ്രഹം എല്ലാ നിര്‍മാതാക്കള്‍ക്കുമുണ്ട്.എല്ലാ സംവിധായകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണു ഞാന്‍. എന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരും സിനിമയ്ക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവരാണ്. ഇതു തന്നെയാണ് അഞ്ജലിയുടെ പ്രത്യേകതയും. സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടാനും അവര്‍ തയാറാണ്. പിന്നെ നമ്മളുടേതിനു സമാനമായ കാഴ്ചപ്പാടുകളും അവര്‍ക്കുണ്ട്. അതു കൊണ്ടു ആശയവിനിമയം എളുപ്പമാണെന്നും രഞ്ജിത്ത് പറയുന്നു.

മലയാളത്തില്‍ ഒരേസമയം അഞ്ചോ ആറോ സിനിമകള്‍ റിലീസിനെത്തുന്ന പ്രവണത വളരെ ദോഷകരമാണ്. സിനിമകളുടെ എണ്ണം കൂടുന്നതു കൊണ്ടു കാര്യമില്ല. എണ്ണം കുറവായിരുന്നെങ്കിലും മികച്ച സിനിമകള്‍ കൂടുതലിറങ്ങുന്നതാണ് നല്ലതെന്നും ഇദ്ദേഹം പറയുന്നു.

മോശം സിനിമകള്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ നല്ല സിനിമയ്ക്കു വേണ്ടിയുള്ള ശ്രമമെങ്കിലും ഉണ്ടാവണം. അങ്ങനെയുള്ള ശ്രമങ്ങള്‍ പോലുമില്ലാത്തത് മലയാള സിനിമയ്ക്ക് അപകടമാണ്. ഒരു അസോസിയേഷന്റെ സെക്രട്ടറി എന്ന നിലയ്ക്ക് പല പ്രോജക്ടുകളിലും നിര്‍മാതാക്കള്‍ വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ് താന്‍ കാണുന്നതെന്നും രഞ്ജിത്ത് പറയുന്നു.

pathram desk 2:
Leave a Comment