ജെസ്‌നയോട് രൂപസാദൃശ്യം; പുറത്തിറങ്ങാന്‍ പറ്റാതെ പതിനേഴുകാരി അലീഷ

കോട്ടയം: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജെസ്നക്കായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുകയാണ്. എന്നാല്‍ ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷ. ജെസ്നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതു മുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍ റംലത്ത് ദമ്പതിമാരുടെ മകള്‍ അലീഷയാണ് ജെസ്നയുടെ രൂപ സാദൃശ്യത്തിന്റെ പേരില്‍ വലയുന്നത്.

ജസ്ന ധരിക്കുന്ന തരത്തിലുള്ള കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്നയെ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടെന്ന് വാര്‍ത്തകൂടി വന്നതോടെ അലീഷ അവിടെയും ബുദ്ധിമുട്ടിലായി. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു പാസായി, ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് അലീഷ.

അതേസമയം ജെസ്നയെ കുറിച്ച് സൂചനയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശരിയായ എല്ലാ രീതിയിലും അന്വേഷണം നടത്തുന്നുണ്ടന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ബസ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്ന ആണെന്ന് ഉറപ്പില്ലെന്ന് സഹോദരന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസില്‍ പൊലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ജെസ്നയുടെ സഹോദരന്റെ ഹര്‍ജി രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

അതേസമയം, ജെസ്നയുടെ തിരോധാനത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജും ജെസ്നയുടെ സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.

ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയെ വിവിധ ഇടങ്ങളില്‍ കണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

മാര്‍ച്ച് 23 നാണ് ജെസ്നയെ കാണാനില്ലെന്ന പിതാവിന്റെ പരാതി ലഭിച്ചശേഷം വിശദമായി അന്വേഷിച്ചെന്നും പൊലീസ് വ്യക്തമാക്കി. മേയ് മൂന്നിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി.

ഐ. ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. 100 അംഗ അന്വേഷണ സംഘമാണ് നിലവിലുള്ളത്. കണ്ടെത്തുന്നവര്‍ക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. ജെസ്നയുടെ കോളെജിലുള്‍പ്പെടെ 11 സ്ഥലങ്ങളില്‍ വിവരശേഖരണത്തിന് പെട്ടികള്‍ സ്ഥാപിച്ചു. പിതാവിന്റെ നിര്‍മാണ സൈറ്റിലുമുള്‍പ്പെടെ കരിങ്കല്‍ ക്വാറികളിലും അന്വേഷണം നടത്തി. ഇതുവരെ ഫലപ്രാപ്തിയുണ്ടായിട്ടില്ല. അവഗണിക്കാവുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ പോലും വിശദ പരിശോധന നടത്തുന്നുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment