കത്തില്‍ വ്യക്തതയില്ല; അമ്മയ്ക്ക് മറുപടിയുമായി നടി രേവതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ‘അമ്മ’ അറിയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്ത ആവശ്യപ്പെട്ട് തങ്ങള്‍ അമ്മയ്ക്ക് മറുപടി അയച്ചുവെന്ന് നടി രേവതി.

”ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയത്. എക്സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളില്‍ പലരും സ്ഥലത്തില്ലെന്നും അവര്‍ വന്നാല്‍ എല്ലാവരുടേയും സമയം നോക്കി ഞങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാമെന്നും കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ പ്രശ്നം ഒരുപാട് നീട്ടിക്കൊണ്ടു പോകാതെ ഈ മാസം തന്നെ പരിഹാരം കണ്ടെത്തണം എന്നു മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്,” രേവതി വ്യക്തമാക്കി.

ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്ക്ക് കത്തു നല്‍കിയത്. വ്യാഴാഴ്ച അയച്ച കത്തിന് നാലു ദിവസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ചയാണ് ‘അമ്മ’ മറുപടി നല്‍കിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാര്‍ അമ്മയ്ക്ക് കത്ത് കൈമാറിയിരുന്നത്.

അതേസമയം, പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാചര്യത്തില്‍ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. പുറത്തുപോയ നടിമാര്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും പൂര്‍ണ്ണമനസ്സോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്ദം ഉയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തു പോകുന്നു എന്ന് പ്രഖ്യാപിച്ചു. ആ തീരുമാനത്തിന് പുറകിലുളള വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്കുവാരി എറിയുന്നവര്‍ അതുചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തത്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്, അതുമാത്രം ഓര്‍ക്കുക’, ലണ്ടനില്‍ വച്ചിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

pathram desk 2:
Leave a Comment