കോസ്റ്ററിക്കന്‍ പ്രതിരോധം പൊളിച്ച് ബ്രസീല്‍, 2-0ത്തിന് വിജയം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കോസ്റ്ററിക്കക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടി ബ്രസീല്‍ ലോകകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തില്‍ കുട്ടീഞ്ഞോ, നെയ്മര്‍ എന്നിവരാണ് വല ചലിപ്പിച്ചത്. കളി 90ാം മിനുട്ടിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കീഴടങ്ങാതെ നിന്ന കെയ്ലര്‍ നവാസിനെ പരാജപ്പെടുത്തി ഫിലിപ്പ് കുട്ടീഞ്ഞോ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടി. പിന്നാലെ തുടരെ തുടരെ ആക്രമണം നടത്തിയ ബ്രസീല്‍ അവസാന നിമിഷത്തില്‍ നെയ്മര്‍ നേടിയ ഗോളില്‍ 2-0ത്തിന് വിജയിക്കുകയായിരു്ന്നു. ആദ്യ മത്സരത്തില്‍ ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ വിജയിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളും സജീവമാക്കി.

ബ്രസീല്‍ നിരയില്‍ ഫാഗ്നറും കോസ്റ്ററിക്ക നിരയില്‍ ഒവീദോയും അരങ്ങേറ്റം കുറിച്ചു. മത്സരത്തിലുടനീളം നെയ്മറിനെത്തേടി നിരവധി ഫ്രീകിക്ക് എത്തിയെങ്കിലും മുതലാക്കാനായില്ല. പിന്നീട് ഗബ്രിയേല്‍ ജീസസ് കോസ്റ്ററിക്കന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. കോസ്റ്ററിക്കയുടെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസിന്റെ മികച്ച പ്രകടനം പലപ്പോഴും ബ്രസീലിന്റെ ഗോളവസരങ്ങള്‍ ഇല്ലാതാക്കി. കോസ്റ്ററിക്കന്‍ പ്രതിരോധം മറികടന്ന് നെയ്മറടക്കമുള്ള താരങ്ങള്‍ പന്തുമായി ഗോളിനടുത്തെത്തിയെങ്കിലും നവാസ് ഉറച്ചുനിന്നു.

രണ്ടാം പകുതിയിലും ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 79ാം മിനുട്ടില്‍ നെയ്മറിന്റെ ഒരു ഗോള്‍ ശ്രമം. അതിനിടെ നെയ്മറിനെ കോസ്റ്ററിക്കന്‍ താരം ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ബ്രസീലിന്റെ പെനാല്‍റ്റി അപ്പീല്‍. വീഡീയോ അസിസ്റ്റന്റ് റഫറി പരിശോധിച്ചതോടെ അത് പെനാല്‍റ്റി നല്‍കാനുള്ള ഫൗളല്ലെന്ന് കണ്ടു. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴും തുടരെ തുടരെ ആക്രമണങ്ങളുമായി ബ്രസീല്‍ നിറഞ്ഞെങ്കിലും നവാസിന്റെ മികച്ച സേവുകള്‍ കോസ്റ്ററിക്കയെ സുരക്ഷിതമാക്കി നിര്‍ത്തി. ഒടുവില്‍ ഇഞ്ച്വറി ടൈമിലാണ് ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.

pathram desk 2:
Leave a Comment