നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എ വി ജോര്‍ജ് ഉറപ്പുനല്‍കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി വിജീഷ്

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. പ്രതികളായ മാര്‍ട്ടിന്റെയും വിജീഷിന്റെയും പുതിയ വെളിപ്പെടുത്തലുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം കേസിനെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കുന്നത്. ഇതിന് പുറമേ ദിലീപിന്റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് ഉറപ്പുനല്‍കിയിരുന്നതായി വിജീഷ് ആരോപിച്ചു. ദിലീപിനെ താറടിക്കാന്‍ മനഃപൂര്‍വം പ്രതിചേര്‍ത്തതാണന്ന് പ്രതികളായ മാര്‍ട്ടിനും വിജീഷും മാധ്യമങ്ങളോട് പറഞ്ഞു.

എ.വി ജോര്‍ജിനെതിരായ ഈ ആരോപണം വരും ദിവസങ്ങളില്‍ ദിലീപ് പക്ഷം ആയുധമാക്കുമെന്നാണ് സൂചന. നാലു താരങ്ങളുടെ പേരുകള്‍ പറഞ്ഞാണ് മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. മുന്‍പും ഇതേമട്ടില്‍ പൊലീസ് കസ്റ്റഡിയിയില്‍ വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ രംഗത്തെത്തിയിരുന്നു. ‘കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേരു പറയിക്കാനും ശ്രമം നടത്തി. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തിനും ഭീഷണി ഉണ്ട്. മാര്‍ട്ടിന്‍ പറയുന്നു. തനിക്ക് പറയാനുള്ളത് 16 പേജ് ഉള്ള കുറിപ്പായി അങ്കമാലി മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ട്. ജീവന് ഭിഷണി ഉള്ളതിനാല്‍ ഇക്കാര്യങ്ങള്‍ മരണമൊഴിയായി പരിഗണിക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

അതേസമയം കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം കോടതി തളളി. പ്രത്യേക കോടതി വേണമെന്ന ആവശ്യവും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി അനുവദിച്ചില്ല. ആക്രമണത്തിന് ഇരയായ നടിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

pathram desk 2:
Related Post
Leave a Comment