ശക്തമായ മഴ, മണ്ണിടിച്ചില്‍: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ഇടുക്കി: ഇടുക്കി ജില്ലയിലും പത്തനംതിട്ട റാന്നിയിലെ വിദ്യാഭ്യാസ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഇടുക്കി ജില്ലയുടെ പ്രദേശങ്ങളായ കുമളി, തേക്കടി, രാജാക്കാട്, മറയൂര്‍, ദേവികുളം മേഖലകളില്‍ കാറ്റോടു കൂടിയ ഇടവിട്ടുള്ള ശക്തമായ മഴയുണ്ട്. എന്നാല്‍ ലോറേഞ്ച് മേഖലയിലേക്ക് മഴയുടെ തീവ്രത കുറഞ്ഞു. ഇടുക്കി ഡാമുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ഡാമുകളിലും, ജലസ്രോതസുകളിലും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ മഴ ശക്തമാകുന്നതിനു മുമ്പ് 115 അടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 121.12 അടിയായി വര്‍ധിച്ചു. രാവിലെ പെയ്ത മഴയില്‍ കുമളി കോട്ടയം പാതയിലെ വണ്ടിപ്പെരിയാറില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

കട്ടപ്പന, രാജാക്കാട് മേഖലകളിലും മൂന്നാര്‍ ടൌണിലും കൊച്ചി കുമളി ദേശീയപാതയില്‍ മൌണ്ട് കാര്‍മല്‍ പള്ളിക്കു സമീപത്തും ഇന്നു രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ടു. ഉരുള്‍പ്പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഇടുക്കി ജില്ലയിലും പത്തനംതിട്ട റാന്നിയിലും മഴ ശക്തമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

pathram desk 2:
Leave a Comment