കണ്ണൂര്‍: വനിതാ പോലീസുകാരിയും സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പോലീസ് സ്‌റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച സഹപ്രവര്‍ത്തകനോടുള്ള പ്രതികാരമായി പൊലീസുകാരി തന്നെയാണ് സ്വകാര്യ ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്. എന്നാല്‍ ചിത്രം സ്‌റ്റേഷന്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തായി വൈറലായതോടെ പണി കിട്ടിയിരിക്കുന്നത് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ്. ചിത്രം പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണു വിവാദ സംഭവങ്ങളുഖെ തുടക്കം. മാലൂര്‍ സ്റ്റേഷനിലെ സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറചിത്രം പൊലീസുകാരി തന്നെയാണു സ്റ്റേഷന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഏറെ നാളായി അടുപ്പത്തിലായിരുന്ന പൊലീസുകാരന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഗ്രൂപ്പില്‍ നിന്നു ചിത്രം പുറത്തായതോടെ ജില്ലയിലെ മറ്റു ഗ്രൂപ്പുകളിലും വൈറലായി. ഇതോടെ രണ്ടു പേരെയും മലയോരത്തുള്ള രണ്ടു സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റി.
ഇതിനു ശേഷമാണു ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം തുടങ്ങിയത്. ഇതിനായി സ്റ്റേഷനിലെ പൊലീസുകാര്‍ക്കു പ്രത്യേക ചോദ്യാവലി തയാറാക്കി നല്‍കുകയായിരുന്നു. എത്ര മൊബൈല്‍ നമ്പറുണ്ട്, പേഴ്‌സണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന വാട്‌സാപ്പ് നമ്പറുണ്ടോ, വിവാദ ചിത്രം ഏതെങ്കിലും ഗ്രൂപ്പുകളില്‍ കണ്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണു പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതുവഴി ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനാണു നീക്കം.
അതേസമയം, ഔദ്യോഗിക രഹസ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലും നടപടിയെടുക്കാത്തവരാണ് ഇപ്പോള്‍ കിടപ്പറ ദൃശ്യത്തിന്റെ പേരില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസുകാര്‍ക്കിടിയില്‍ മറുമറുപ്പുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരും ഇതിനെതിരെ പരാതി നല്‍കിയിട്ടില്ല. എന്നിട്ടും സ്വമേധയാ അന്വേഷിക്കാനിറങ്ങുന്നതു സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരനെ പിന്തുണയ്ക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം. സിപിഎം അനുകൂല പൊലീസ് അസോസിയേഷനിലെ ജില്ലാ കമ്മിറ്റി അംഗമാണു വിവാദ നായകന്‍.
Leave a Comment