ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വന്‍തുക പിഴ

തൃശ്ശൂര്‍: 2017-28 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.
അവസാനതീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ പതിനായിരമാക്കും. മാര്‍ച്ച് 31നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദാതാവിന്റെ അക്കൗണ്ട് റദ്ദാക്കാനും പാന്‍ കാര്‍ഡ് അസാധുവാക്കാനുമാണ് തീരുമാനം. ഇതുവരെ രണ്ട് മുന്‍വര്‍ഷങ്ങളിലെ റിട്ടേണ്‍ വൈകി സമര്‍പ്പിക്കാന്‍ അനുമതിയുണ്ടായിരുന്നു.

ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള ഏഴു വിഭാഗത്തിലുള്ള ഐ.ടി.ആര്‍. ഫോമുകളും ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങി. പുതിയ ഫോമുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് ഏപ്രില്‍ അഞ്ചിന് ഉത്തരവിറക്കിയിരുന്നെങ്കിലും ഒരു മാസത്തിലധികം വൈകിയാണ് ഫേമുകള്‍ സൈറ്റില്‍ ലഭ്യമായത്. പുതിയ ഫോമില്‍ ശമ്പളക്കാര്‍ അവരുടെ അലവന്‍സുകളും മറ്റും പ്രത്യേകമായി കാണിക്കണം. വ്യാപാരികള്‍ ജി.എസ്.ടി. നമ്പറും മൊത്തവരുമാനവും രേഖപ്പെടുത്തണം.

സാമ്പത്തിക വര്‍ഷം അവസാനിക്കുകയും റിട്ടേണ്‍ സമര്‍പ്പണത്തിന് രണ്ടുമാസം മാത്രം ബാക്കി നില്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പല ഫോമുകളും വൈകിയാണ് വെബ്‌സൈറ്റില്‍ ലഭ്യമായത്. ഏപ്രില്‍ ഒന്ന് മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കാമെങ്കിലും മേയ് മൂന്നാം വാരത്തിലാണ് റിട്ടേണിനുള്ള ഫോമുകള്‍ ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ എത്തിയത്. ജി.എസ്.ടി. യുഗത്തിലെ പ്രഥമ റിട്ടേണ്‍ ആയതിനാല്‍ സമര്‍പ്പണ ഫോമില്‍ 25 ചോദ്യങ്ങള്‍ കൂടുതലായുണ്ട്. മുന്‍ കാലങ്ങളേക്കാളും കൂടുതല്‍ സങ്കീര്‍ണമാണ് ഫോമുകള്‍.

ശമ്പളക്കാര്‍ നല്‌കേണ്ട റിട്ടേണിന്റെ ഫോമുകളാണ് ആദ്യം വെബ്‌സൈറ്റില്‍ ലഭ്യമായത്. വ്യാപാരികളും പ്രൊഫഷണലുകളും നല്‌കേണ്ട റിട്ടേണിന്റെ ഫോമുകള്‍ ഒന്നര മാസത്തിലേറെ വൈകിയാണ് എത്തിയത്. ഈ വിഭാഗക്കാരാകട്ടെ ഏഴുതരം ഫോമുകള്‍ പൂരിപ്പിക്കണം. വ്യാപാരികളും പ്രൊഫഷണലുകളും ജി.എസ്.ടി.യുടെ വിവരങ്ങളും ആദായ നികുതി റിട്ടേണ്‍ ഫോമില്‍ കാണിക്കണം.

അതേസമയം, ജി.എസ്.ടി.യുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികളൊന്നും വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ റിട്ടേണ്‍ നല്കിയശേഷം വേണം വ്യാപാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍. ജി.എസ്.ടി.യുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പണം സാങ്കേതിക പ്രശ്‌നത്തില്‍ വൈകിയാല്‍ ആദായ നികുതി വകുപ്പിന് പിഴ നല്‌കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്ന സ്ഥിതിയുമുണ്ട്.

pathram:
Related Post
Leave a Comment