ഞാന്‍ എന്നെന്നേക്കുമായി അകത്ത് പോകുമെന്നാണോ നിങ്ങള്‍ കരുതിയത്? സല്‍മാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകനോട്

കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ വിധി പ്രഖ്യാപിച്ച് മൂന്നാം ദിവസം സല്‍മാന് ജാമ്യം ലഭിച്ചു. ജയിലില്‍ നിന്ന് ഇറങ്ങിയതോടെ താരം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങി.

എന്നാല്‍ കൃഷ്ണമൃഗ വേട്ടയെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ കേള്‍ക്കുന്നത് സല്‍മാന് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇതിന് ഉദാഹരണമാണ്. എന്നാല്‍ താരത്തിന്റെ മറുപടി ഒരു വിഭാഗം ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. സല്‍മാന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്. പുതിയ ചിത്രമായ റേസ് 3 ന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഭവമുണ്ടായത്.

കൃഷ്ണമൃഗ വേട്ടയെക്കുറിച്ചാണ് ചോദ്യം ഉയരുന്നതെന്ന് മനസിലാക്കിയപ്പോള്‍ തന്നെ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ വിലക്കി. ചോദ്യം പൂര്‍ണമാക്കാന്‍ പോലും സമ്മതിക്കാതെ മൈക്ക് കൈ മാറാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ചോദ്യമാണെന്ന് പറഞ്ഞതോടെ ചോദിക്കാന്‍ അനുവദിച്ചു.

റേസ് 3യുടെ ചിത്രീകരണ സമയത്ത് മാന്‍വേട്ട കേസിലെ കോടതിവിധി സല്‍മാനെ ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നോ എന്നായിരുന്നു ചോദ്യം. താല്‍പ്പര്യമില്ലാത്ത വിഷയത്തിലേക്ക് കടന്നതിന്റെ അസംതൃപ്ത് പ്രകടമാക്കിക്കൊണ്ടായിരുന്നു സല്‍മാന്റെ മറുപടി. ഞാന്‍ എന്നെന്നേക്കുമായി അകത്ത് പോകുമെന്നാണോ നിങ്ങള്‍ കരുതിയത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോടുള്ള മറുചോദ്യം. ഇതിന് ഇല്ല എന്ന് മറുപടി നല്‍കിയതോടെ നന്ദിയുണ്ടെന്നും ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment