കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ, സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 5.12 കോടി വോട്ടര്‍മാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. 222 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണു വിധി തേടുന്നത്. കര്‍ണാടകയില്‍ ആകെ 224 നിയോജക മണ്ഡലങ്ങളാണുള്ളത്. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗര മണ്ഡലത്തിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് ആര്‍. ആര്‍. നഗറിലും തെരഞ്ഞെടുപ്പ് നീട്ടിവച്ചു. ആര്‍.ആര്‍. നഗറിലെ വോട്ടെടുപ്പ് 28ന് നടക്കും.

സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 2.44 കോടി സ്ത്രീകളാണ്. 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 12,000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ സ്ത്രീകള്‍ക്ക് മാത്രമായി 450 പിങ്ക് പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

പരസ്യപ്രചാരണം അവസാനിച്ചതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥികളും നേതാക്കളും വെള്ളിയാഴ്ച നിശ്ശബ്ദപ്രചാരണത്തിലായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപുരയിലും പ്രചാരണം നടത്തി. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ബാഗല്‍കോട്ടയിലെ ബാദാമിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ബി. ശ്രീരാമുലുവും നിശ്ശബ്ദ പ്രചാരണത്തിനെത്തി. ജനതാദള്‍എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എച്ച്.ഡി. കുമാരസ്വാമി രാമനഗരയില്‍ പ്രചാരണത്തിലായിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര, മന്ത്രിമാരായ കെ.ജെ. ജോര്‍ജ്, യു. ടി. ഖാദര്‍, രാമലിംഗറെഡ്ഡി, ബി.എം. പാട്ടീല്‍, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര, ബി.ജെ.പി. നേതാക്കളായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ, ആര്‍. അശോക്, സോമശേഖരറെഡ്ഡി, ജനതാദള്‍ എസ് സ്ഥാനാര്‍ഥിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.

pathram desk 1:
Leave a Comment