‘ചങ്ക്’ ബസ് പെരുവഴിയില്‍!!! നാണക്കേട് ഒഴിവാക്കാന്‍ ചാക്ക് കൊണ്ട് മറച്ച് ജീവനക്കാര്‍

ഈരാറ്റുപേട്ട: ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി പേര് ലഭിച്ച ബസാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി 140 വേണാട്. യാത്രക്കാര്‍ക്ക് പലര്‍ക്കും കെഎസ്ആര്‍ടിസിയോട് സ്‌നേഹമാണെന്ന് വ്യക്തമാക്കി തന്നതും ഈ ബസാണ്. ഇതോടെയാണ് ബസിന് ചങ്ക് എന്ന് പേര് ലഭിച്ചതും.

ഇന്നലെ കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ചങ്ക് ബസ് വഴിയില്‍ കുമ്മണ്ണൂരിലെത്തിയപ്പോള്‍ തകരാറിലായി. ലിവര്‍ ഇളകിയതിനെ തുടര്‍ന്ന് വഴിയിലായ ബസ് ഒരടി മുന്നോട്ട് നീങ്ങണമെങ്കില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എത്തണമെന്നായി. ഇതോടെ ബസിലെ യാത്രക്കാരെ മുഴുവന്‍ പിന്നാലെ വന്ന മറ്റൊരു ബസിലേക്ക് മാറ്റി.

പക്ഷെ, ചങ്ക് ബസാണ് വഴിയില്‍ കിടക്കുന്നത് എന്ന് മനസിലായതോടെ വഴിപോക്കരെല്ലാം ബസിന്റെ ചിത്രമെടുക്കാന്‍ തുടങ്ങി. സംഭവം കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ നാണക്കേടായേക്കുമെന്ന് കരുതി, ബസിന്റെ മുന്‍വശത്ത് ചങ്ക് എന്ന് പേരെഴുതിയ ഭാഗത്ത് ജീവനക്കാര്‍ ചാക്ക് കൊണ്ട് മറച്ചു.

കുമ്മണ്ണൂരിലെത്തിയ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ ചങ്ക് ബസിനെ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തകരാര്‍ പരിഹരിച്ച ശേഷം വൈകിട്ട് വീണ്ടും ബസ് സര്‍വ്വീസ് നടത്തി. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

pathram desk 1:
Related Post
Leave a Comment