പതിനാറുകാരിയെ പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം; സഹായികള്‍ക്ക് 20 വര്‍ഷം തടവ്

ജോധ്പൂര്‍: പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ആശാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധികേട്ട് ആശാറാം പൊട്ടിക്കരഞ്ഞു.

മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്. 2013 ഓഗ്സറ്റ് 15നായിരുന്നു സംഭവം. ആശാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളായിരുന്നു. പോക്സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആശാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലുമാണ് രാജ്യത്ത് കൂടുതല്‍ ആശാറാം അനുയായികളുള്ളത്. സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടക്കാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തണമെന്നും മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment