ഭാരത് ബന്ദില്‍ ഉത്തരേന്ത്യ കത്തുന്നു….. മരണസംഖ്യ ഏഴായി, നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു; മധ്യപ്രദേശില്‍ നിരോധനാജ്ഞ

ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ അഞ്ചു പേരും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമായിട്ടാണു മരണം. ഇവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെടിവെപ്പിനിടെ പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഗ്വാളിയറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതു പുറത്തുവിട്ടത്.

മറ്റ് സംസ്ഥാനങ്ങളിലും ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സമരക്കാര്‍ തടഞ്ഞു. വീടുകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവടങ്ങളില്‍ ഗതാഗതസര്‍വീസുകളും ടെലികോം സര്‍വീസും തടസപ്പെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതവും മൊബൈല്‍ ഇന്റര്‍നെറ്റും നിയന്ത്രിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിഹാറിലും ഒഡീഷയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

മാര്‍ച്ച് 20 നാണ് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

pathram desk 2:
Leave a Comment