എന്റെ മകളെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയവരും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം!!! തന്റെ ആകാരവടിവിനെക്കുറിച്ച് പരാമര്‍ശം നടത്തിയ മുന്‍ ഡി.ജി.പിക്കെതിരെ നിര്‍ഭയയുടെ അമ്മ

പൊതു ചടങ്ങിനിടെ തന്റെ ശരീരവടിവിനെക്കുറിച്ച് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സന്‍ഗ്ലിയാനക്കെതിരെ നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ തുറന്ന കത്ത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ മാര്‍ച്ച് ഒന്‍പതിന് ബംഗളൂരുവില്‍ നടന്ന നിര്‍ഭയ അവാര്‍ഡ് ദാന ചടങ്ങിനിടെയായിരിന്നു ഡി.ജി.പിയുടെ പരാമര്‍ശം.

എന്റെ മകളെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയവരും നിങ്ങളും തമ്മിലെന്താണ് വ്യത്യാസമെന്നായിരുന്നു ആശാദേവിയുടെ പ്രതികരണം. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ പട്ടാളക്കാരോടും പറയുമോ? അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ പറയേണ്ടത്? എന്നും ആശാദേവി കത്തില്‍ പറഞ്ഞു.

നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീര പ്രകൃതിയാണ്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു എന്നാണ് സംഗ്ലിയാന പറഞ്ഞത്. കഠിനപ്രയത്നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നിര്‍ഭയയെ കുറിച്ചുള്ള പരാമര്‍ശത്തോടൊപ്പം സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമായി. നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം കൊടുത്ത നിര്‍ദേശം.

കത്തിന്റെ പൂര്‍ണ്ണരൂപം:

നിങ്ങളെന്റെ ശരീര വടിവിനെക്കുറിച്ച് പറയാന്‍ തുനിഞ്ഞപ്പോള്‍ അതിന്റെ അനൗചിത്യത്തെക്കുറിച്ച് ആലോചിച്ചില്ല. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട എന്റെ മകളിലേക്ക് ആ പരാമര്‍ശം ബന്ധപ്പെടുത്തിയതിലെ അനൗചിത്യവും ആലോചിച്ചില്ല. ആരെങ്കിലും അതിക്രമിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അക്രമിക്കു കീഴടങ്ങിക്കൊടുക്കണമെന്നു നിങ്ങള്‍ പെണ്‍കുട്ടികള്‍ക്കു നല്‍കിയ ഉപദേശം മര്യാദയുടെ എല്ലാ അതിര്‍ത്തികളും ലംഘിക്കുന്നതായി.

എന്റെ മകള്‍ ചെറുത്തു നില്‍ക്കാന്‍ നടത്തിയ ധീരമായ ശ്രമങ്ങളെ അപമാനിക്കുക മാത്രമല്ല രോഗാതുരമായ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ വെളിവാക്കുക കൂടിയാണ് ചെയ്തത്. എന്റെ മകളെ ആക്രമിച്ചവരും ഇതേ മാനസികാവസ്ഥയാണ് കാണിച്ചത്. അവള്‍ തിരിച്ചടിക്കുന്നു എന്നത് അവര്‍ക്ക് സഹിക്കാനായില്ല. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്.

പെണ്‍കുട്ടികളോട് അബലകളായി തുടരാനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാനും ഒരാള്‍ ബലാല്‍ക്കാരം നടത്താന്‍ ഒരുങ്ങിയാല്‍ സഹകരിച്ചു ജീവന്‍ എങ്കിലും സംരക്ഷിക്കാന്‍ ഉപദേശം നല്‍കുക വഴി സ്ത്രീകളെന്ന നിലയില്‍ എക്കാലവും അനുഭവിച്ചു പോരുന്ന പിന്നാക്കാവസ്ഥ മാറ്റമില്ലാതെ തുടരണമെന്ന മനോഭാവം തന്നെയാണ് നിങ്ങളും കാണിച്ചത്.

അവസാനമായി നിങ്ങളോട് ഒരു കാര്യം കൂടി ചോദിക്കട്ടെ. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ പട്ടാളക്കാരോടും പറയുമോ? അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ പറയേണ്ടത്?

pathram desk 1:
Leave a Comment