തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്ന് ഡിജിപി ഋഷിരാജ് സിങ് ഇടം നേടി.
ഈ പട്ടികയില്‍ നിന്നാണ് സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്റലിജന്‍സ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ തുടങ്ങിയവയില്‍ ഡയറക്ടര്‍ ജനറലിനെ നിയമിക്കുന്നത്. ഡയറക്ടര്‍ ജനറലിന്റെ തത്തുല്യ തസ്തികകളില്‍ നിയമനത്തിന് അര്‍ഹതയുള്ളവരുടെ രണ്ടാം പട്ടികയിലാണു ബെഹ്റ.
ജേക്കബ് തോമസിനെ രണ്ടിലും ഉള്‍പ്പെടുത്തിയില്ല. ആദ്യ പട്ടികയിലെ 10 പേര്‍ക്കും കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്. പട്ടികയില്‍ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണു ബെഹ്റ. ഈ പട്ടികയിലുള്ളവര്‍ ഡയറക്ടര്‍ ജനറലിന്റെ തത്തുല്യ തസ്തികകളില്‍ നിയമിക്കപ്പെടാന്‍ അര്‍ഹരെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേന്ദ്രത്തില്‍ സ്പെഷല്‍ സെക്രട്ടറി, മറ്റേതെങ്കിലും കേന്ദ്ര തസ്തിക ഡയറക്ടര്‍ ജനറലിന്റെ പദവിയിലേക്ക് ഉയര്‍ത്തിയവ എന്നിവയില്‍ ഈ പട്ടികയിലുള്ളവര്‍ക്കു നിയമനം ലഭിക്കും. മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണു പട്ടിക തയാറാക്കുന്നത്. സര്‍വീസിലുടനീളമുള്ള വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും പരിശോധിക്കും.
കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ നിയമിക്കപ്പെടാനുള്ള പട്ടികയില്‍ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നല്‍കി. നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ സര്‍ക്കാര്‍ സിങ്ങിനെ പരിഗണിച്ചില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്റയ്ക്കു തന്നെ ഈ കസേരയും നല്‍കി. അതില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കിലും സിങ് പരസ്യമായി പ്രതികരിച്ചിരുന്നില്ല.
Leave a Comment