ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക്‌ നീതി ലഭിക്കണം… ആരാണു പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടതു കോടതിയാണെന്നും ഡ്ബ്‌ള്യൂ.സി.സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ നടിയ്ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും’വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ നടപടികള്‍.

വനിതാ കൂട്ടായ്മയുടെ കുറിപ്പില്‍നിന്ന്:

താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നുപോയ വേദനകളെയും കുറിച്ചു തുറന്നുപറയാനും പരാതി നല്‍കാനും തയാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്നു വിചാരണക്കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണു പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടതു കോടതിയും നമ്മുടെ നിയമവ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട്.. #അവള്‍ക്കൊപ്പം.

നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക. വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.

pathram desk 1:
Leave a Comment