വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കില്ല… കര്‍ഷക മഹാപ്രക്ഷോഭം ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും, വിദ്യാര്‍ഥികള്‍ക്കായി രാത്രിയും മാര്‍ച്ച് ചെയ്തു കര്‍ഷകര്‍

മുംബൈ: കര്‍ഷക മഹാപ്രക്ഷോഭം ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു. പകല്‍ മുഴുവന്‍ നടന്നതിനു പിന്നാലെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്നലെ രാത്രിയും മാര്‍ച്ച് ചെയ്തു. മഹാരാഷ്ട്രയില്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയെ ബാധിക്കാതിരിക്കാനാണ് പകല്‍ മുഴുവന്‍ നടന്നതിനു പിന്നാലെ കര്‍ഷകര്‍ ഇന്നലെ രാത്രിയും മാര്‍ച്ച് ചെയ്തത്.

പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ പകല്‍ ഇത്രയും പേര്‍ നഗരത്തിലൂടെ മാര്‍ച്ച് ചെയ്യുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയ്ക്കും ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ രാത്രിയും മാര്‍ച്ച ചെയ്തത്. ‘ഞങ്ങള്‍ക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയില്‍ എത്തിച്ചേരുക തന്നെ വേണം. അതുകൊണ്ട് ഞങ്ങള്‍ അര്‍ദ്ധ രാത്രിയില്‍ യാത്ര തുടരുകയാണ്’ ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്ലെ പറഞ്ഞു.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ.

ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരു ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തോടെയാണ് ഇന്നലെ മുംബൈയിലെത്തിയത്. ഗ്രാമ വീഥികള്‍ക്ക് പുറമെ നഗര പ്രദേശങ്ങളില്‍ നിന്നും മധ്യ വര്‍ഘത്തിന്റെയും ഉറച്ച പിന്തുണയാണ് കര്‍ഷക മാര്‍ച്ചിനു ലഭിക്കുന്നത്.

pathram desk 1:
Leave a Comment