എസ്.എസ്.എല്‍.സി പരീക്ഷക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും. പരീക്ഷക്ക് ജയിക്കാനാവശ്യമായ മാര്‍ക്കിന്റെ പകുതിയും ലഭിച്ചാണ് മിക്ക കുട്ടികളും പരീക്ഷക്ക് പുറപ്പെടുന്നത്. സി.ഇ മാര്‍ക്ക് ഹാള്‍ ടിക്കറ്റിനൊപ്പം ലഭിച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായത്.

ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ തയാറാക്കിയ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചതിനെചൊല്ലി കഴിഞ്ഞ വര്‍ഷമുണ്ടായ വിവാദം വിദ്യാഭ്യാസ വകുപ്പിന് ഏറെ പേരുദോഷം വരുത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് കണക്കുപരീക്ഷ വീണ്ടും നടത്തിയാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.

സംസ്ഥാനത്താകെ ഇത്തവണ 4,41,097 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ 14811 പേരുടെ കുറവുണ്ട്. എങ്കിലും പരീക്ഷയുടെ നടപടിക്രമങ്ങളില്‍ യാതൊരുതരത്തിലും വിട്ടുവീഴ്ച വരുത്തരുതെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. സംസ്ഥാനത്തെ 1160 ഗവണ്‍മെന്റ് വിദ്യാലയങ്ങളും 1433 എയ്ഡഡ് വിദ്യാലയങ്ങളും 453 അണ്‍ എയ്ഡഡ് സ്‌കൂളുകളും പരീക്ഷാകേന്ദ്രങ്ങളാണ്.

ഇംഗ്ലീഷിനു പുറമേ പ്രാദേശിക ഭാഷകളായ മലയാളം, തമിഴ്, കന്നട എന്നിവയിലൊന്നിലും പരീക്ഷാര്‍ഥിയുടെ പേര് രേഖപ്പെടുത്തിയാണ് ഇത്തവണത്തെ ഹാള്‍ടിക്കറ്റ്.

pathram desk 2:
Leave a Comment