പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ‘ബ്രാഹ്മിണ്‍സ് ഒണ്‍ലി’ ശ്മശാനം!!! ബി.ജെ.പി എം.പി വിവാദത്തില്‍

ശ്രീനഗര്‍: പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ‘ബ്രാഹ്മിണ്‍സ് ഓണ്‍ലി’ ശ്മശാനം നിര്‍മിച്ച് ബി.ജെ.പി എം.പി. ജമ്മുകശ്മീര്‍ എം.പി ജുഗല്‍ കിഷോര്‍ ശര്‍മ്മയാണ് വിവാദ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ജമ്മുവിലെ ബിഷ്നാഹ് ടെഹ്സിലിലാണ് സംഭവം. 120 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പകുതി കുടുംബങ്ങളും ദളിതരാണ്. 20 അടി അകലത്തില്‍ പൊതു ശ്മശാനം ഉണ്ടായിരിക്കെയാണ് എം.പിയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ ചെലവഴിച്ച് ബ്രാഹ്മണന്മാരുടെ മൃതദേഹം സംസ്‌ക്കരിക്കാനായി പ്രത്യേക ഷെഡ് നിര്‍മ്മാണം.

നിലവിലെ ശവദാഹ സ്ഥലം ആറുമാസം മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എയായ കമല്‍ അറോറ 6.5 ലക്ഷം മുടക്കി നിര്‍മിച്ച് നല്‍കിയതാണ്. ഇതിന് പിന്നാലെയാണ് ബ്രാഹ്മണര്‍ക്കായി പൊതുഫണ്ട് ഉപയോഗിച്ച് പ്രത്യേക ഷെഡ് നിര്‍മിക്കുന്നതെന്ന് ദളിത് കുടുംബങ്ങള്‍ പറയുന്നു.

പുതിയ ഷെഡിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും ബ്രാഹ്മണരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍മ്മാണം നടത്തിയെന്ന് ദളിത് കുടുംബങ്ങള്‍ പറയുന്നു.

പ്രത്യേക ഷെഡ് വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ പുതിയത് നിര്‍മ്മിക്കേണ്ടതില്ലെന്ന് ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എം.പിയെയും ഇക്കാര്യം അറിയിച്ചിരുന്നു. പക്ഷെ ബ്രാഹ്മണര്‍ പുതിയ ക്രിമേഷന്‍ ഷെഡ് പണിതോട്ടെയെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബിഷ്നാഹ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ നാസിയ ചൗധരി പറയുന്നു.

pathram desk 1:
Leave a Comment