തമിഴ് റോക്കേഴ്‌സ് മലയാള സിനിമയില്‍ പിടിമുറുക്കുന്നു, ‘ആദി’യും ‘ക്വീനും’ ‘മായാനദി’യും ഇന്റര്‍നെറ്റില്‍

സിനിമാ പൈറസിയില്‍ പൊറുതിമുട്ടി മലയാള സിനിമയും. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള ചിത്രങ്ങളായ ആദിയും ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതോടെ സിനിമാ ലോകം ആശങ്കയിലാണ്. പോലീസിന്റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് സിനിമ പൈറസി സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’, മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍പീസ്’, ടോവിനോ നായകനായ ‘മായാനദി’, പുതുമഖ താരങ്ങള്‍ അണിനിരക്കുന്ന ‘ക്വീന്‍’ എന്നിവ അടക്കം പത്തിലേറെ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ സുലഭമായത് സിനിമാ മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

സൈറ്റ് ഇത്തരത്തില്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ പരസ്യ വരുമാനമാണു നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്‌സ് സൈറ്റ് മാത്രം ഇത്തരത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ച് ഒരു മാസം 18 ലക്ഷം രൂപയാണ് വരുമാനമുണ്ടാക്കുന്നത്. തമിഴ് റോക്കേഴ്‌സ് സൈറ്റിലൂടെ രണ്ടു ദിവസത്തിനുള്ളില്‍ ‘ആദി’ എന്ന ചിത്രം കണ്ടത് അറുപതിനായിരത്തിലേറെപ്പേരാണ്. പ്രമുഖ പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിനെ രണ്ട് മാസം മുന്‍പാണ് കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം ബ്ലോക്ക് ചെയ്തത്. എന്നാല്‍ സംസ്ഥാനത്ത് തമിഴ് റോക്കേഴ്‌സ് വീണ്ടും വ്യാജ ഐപി അഡ്രസില്‍ സജീവമായിരിക്കുകയാണ്. നെതര്‍ലന്‍ഡില്‍ നിന്നുള്ള എന്‍ഫോഴ്‌സ് എന്ന കമ്പനിയാണ് സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതെന്നാണു സൈറ്റില്‍ കാണാനാകുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലെ അമ്പതിലേറെ പുതിയ ചിത്രങ്ങളും സൈറ്റില്‍ ലഭ്യമാണ്. പൈറസി സൈറ്റുകള്‍ക്ക് ശാശ്വതമായ ഒരു തടയിടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണു പോലീസും സൈബര്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

pathram desk 2:
Leave a Comment