സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍; എല്ലാവര്‍ക്കും വീട്, ചികിത്സാ ചെലവ് കുറയ്ക്കും, മുത്തലാഖ് ബില്‍ പാസാക്കും; പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കര്‍ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി കൂടിയ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയുടെ മേശപ്പുറത്തുവയ്ക്കും.

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

പ്രീണനത്തിനല്ല, ശാക്തീകരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ ശാക്തീകരണത്തിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരുന്നു.

പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണകരമാകുന്ന പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. ദേശീയ ആയുഷ് മിഷന്റെ കീഴില്‍ യോഗ, ആയുര്‍വേദ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

രണ്ടരലക്ഷം കേന്ദ്രങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി.

‘പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രം’ വഴി 800 വ്യത്യസ്ത മരുന്നുകള്‍ ന്യായമായ വിലയില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. രാജ്യത്താകമാനം മൂവായിരത്തിലധികം കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്.

ജനങ്ങളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി എല്ലാവര്‍ക്കും ജലം, വൈദ്യുതി – ശുചിമുറി സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി പദ്ധതി തയാറാക്കുകയാണ്. 2022ഓടുകൂടി എല്ലാവര്‍ക്കും വീട് പദ്ധതി യാഥാര്‍ഥ്യമാകും.

പാവപ്പെട്ടവര്‍ക്കു ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ നടപ്പാക്കി. ഇതുവരെ 18 കോടി പാവപ്പെട്ടവര്‍ ‘പ്രധാനമന്ത്രി സുരക്ഷാ യോജനയും ‘പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന’ വഴിയും പദ്ധതിയുടെ ഭാഗമായി.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന കൊടുക്കുന്നത്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി പാര്‍ലമെന്റ് ബില്‍ പാസാക്കി.

പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പ്രചാരണം തുടങ്ങിയത്. ആദ്യം 161 ജില്ലകളില്‍ മാത്രമായിരുന്നു. ഇപ്പോഴത് 640 ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാര്‍ഷികം 2019ല്‍ കൊണ്ടാടുമ്പോള്‍ രാജ്യം പൂര്‍ണമായി വൃത്തിയാക്കിയാണ് നമ്മള്‍ ആദരവു കാണിക്കേണ്ടത്.

ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും, സ്വയം സഹായക സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും.

pathram:
Leave a Comment