വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് വ്യക്തമായ ധാരണയില്ല… സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും ലെന

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ലെന്നും മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു

നടി ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ സിഡ്നിയിലായിരുന്നു, അതുകൊണ്ട് സംഭവം വളരെ വൈകിയാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ല.

കരിയറില്‍ ഞാന്‍ വളരെ ധൈര്യപൂര്‍വം എടുത്ത തീരുമാനം രണ്ടാം ഭാവത്തിനു ശേഷം നായികയായി സിനിമയില്‍ തുടരേണ്ട എന്നതാണ്. രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകള്‍ വന്നു. പക്ഷേ, ഡിഗ്രി കഴിഞ്ഞ സമയമാണ്, എനിക്കു പഠിക്കണമായിരുന്നു. എല്ലാവരും സിനിമയില്‍ തന്നെ നിന്നൂടേ എന്ന് ചോദിച്ചു. അന്നു പക്ഷേ, ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമാണ് പഠിക്കാനായി മാറിനില്‍ക്കണമെന്നത്. പഠിക്കണം, ലോകം കാണണം, ജീവിതം അനുഭവിച്ചറിയണം… ഇതൊക്കെ ആയിരുന്നു മനസ്സില്‍. ആ തീരുമാനം വളരെ പ്രാധാന്യമുള്ളതായിരുന്നു. ക്ലിനിക്കല്‍ സൈക്കോളജി പഠിക്കാനായി മൂന്നു വര്‍ഷം ഇന്‍ഡസ്ട്രിയില്‍നിന്ന് മാറിനിന്നു.- ലെന പറഞ്ഞു

pathram desk 1:
Leave a Comment