‘നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്… ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു’ ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ”ഭാവന, ഞാന്‍ പ്രിയങ്ക…നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍…നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു”. പ്രിയങ്ക പറഞ്ഞു.

പരേതനായ ഫോട്ടോഗ്രാഫര്‍ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ജയദേവാണ് സഹോദരന്‍. കേരളത്തനിമയോടെയാകും വിവാഹ വേഷവും ചടങ്ങുകളും ഒരുക്കുക. ജയദേവിന്റെ മേല്‍നോട്ടത്തിലാണ് വിവാഹച്ചടങ്ങുകളും സല്‍ക്കാരവും നടക്കുന്നത്. നവീന്റെ വീട്ടുകാരും അടുത്ത ബന്ധുക്കളും ഇന്ന് ഉച്ചയോടെ തൃശൂരിലെത്തും. വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ഭാവന കഴിഞ്ഞ ദിവസമാണ് തൃശൂരിലെ വീട്ടിലെത്തി.

2002 ല്‍ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളടക്കം ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. നമ്മളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തമിഴിലും കന്നടയിലും തെലുങ്കിലും ഭാവനയെ തേടി നിരവധി അവസരങ്ങളെത്തി.

തൃശൂര്‍ കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30 നും 11.30നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കന്നട സിനിമാ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയ്ക്ക് മിന്നുകെട്ടും. വിവാഹച്ചടങ്ങിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം. സിനിമാരാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവര്‍ക്ക് വൈകിട്ട് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്നേഹ വിരുന്നൊരുക്കും.

pathram desk 1:
Related Post
Leave a Comment