500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ നടപടിയുമായി അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ഞൂറ് രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയാണ് കേസെടുത്തത്. യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇംഗ്ലീഷ് മാധ്യമമായ ദ ട്രിബ്യൂണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രചനയുടെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്ന അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു.
അഞ്ഞൂറ് രൂപ നല്‍കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്താ ജനുവരി മൂന്നിനാണ് ട്രിബ്യൂണ്‍ പുറത്ത് വിട്ടത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കണ്ടെത്തല്‍ വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത പുറത്തു വിട്ട റിപ്പോര്‍ട്ടര്‍ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ കേസെടുത്തത്. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്രിബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഹരീഷ് ഖാരെ വിസമ്മതിച്ചു.

pathram:
Leave a Comment