സ്ത്രീപീഡനക്കേസിലെ പ്രതിയായി ഗായകന്‍ ശ്രീനിവാസ്, വാര്‍ത്തക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു

പീഡനക്കേസ് വാര്‍ത്തയ്ക്കൊപ്പം തന്റെ ചിത്രം ചേര്‍ത്ത വെബ്സൈറ്റിനെതിരെ ഗായകന്‍ ശ്രീനിവാസും മകളും രംഗത്ത്. സ്ത്രീപീഡനക്കേസിലെ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള മറ്റൊരാള്‍ക്ക് പകരം ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യാടൈംസ് ഉപയോഗിച്ചത് ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശ്രീനിവാസ് ഇന്ത്യാടൈംസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അച്ഛന്റെ ചിത്രം മാധ്യമങ്ങള്‍ തെറ്റായി ഉപയോഗിച്ചതിനെതിരെ ശ്രീനിവാസന്റെ മകളും ഗായികയുമായ ശരണ്യ ശ്രീനിവാസും രംഗത്തെത്തി.

‘മുന്‍പ് മഹനായ ഗായകന്‍ പി.ബി. ശ്രീനിവാസ് മരിച്ച സമയത്ത് ചില പത്രങ്ങള്‍ എന്റെ വിവരങ്ങള്‍ എടുത്ത് ചരമ കോളം ചെയ്തിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഗായകന്‍ ശ്രീനിവാസ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായപ്പോള്‍ അതിന്റെ വാര്‍ത്തയില്‍ എന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്റെ പേരിന് കളങ്കം ഉണ്ടാക്കിയ ഈ നടപടിക്കെതിരേ ഞാന്‍ നിയമപരമായി മുന്നോട്ടു പോവുകയാണ്. നിയമവിദഗ്ദര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് ഈ കാര്യത്തില്‍ എന്നെ സഹായിക്കണം, ഞാന്‍ തികച്ചും രോഷാകുലനാണ്’.ശ്രീനിവാസ് കുറിച്ചു.

‘ഗസല്‍ ശ്രീനിവാസ് എന്നറിയപ്പെടുന്ന ഗായകനാണ് പൊലീസ് പിടിയിലായത്. ആയാള്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അദ്ദേഹത്തിന്റെ ചിത്രമായി നിങ്ങള്‍ നല്‍കിയത് എന്റെ അച്ഛന്റേതാണ്. ദയവു ചെയ്ത് അടുത്തതവണ വാര്‍ത്ത കൊടുക്കുമ്പോഴെങ്കിലും ആലോചിച്ച് മാത്രം ചെയ്യുക. ഇതാണ് മാധ്യമ പ്രവര്‍ത്തനത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥ’.ശരണ്യ ശ്രീനിവാസ് കുറിച്ചു.

ശ്രീനിവാസിന്റെ ചിത്രം തെറ്റായി ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ ഇന്ത്യാടൈംസ് വാര്‍ത്ത പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും ലഭ്യമാണ്. ശ്രീനിവാസ് പോസ്റ്റ് ചെയ്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചെല്ലുമ്പോള്‍ ലിങ്ക് ലഭ്യമല്ലെന്ന സ്‌ക്രീന്‍ സന്ദേശം മാത്രമാണ് ലഭിക്കുന്നത്. ഇതേകാര്യം ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ ഇന്ത്യാ ടൈംസ് അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment