കൊച്ചി: നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ പ്രതിയായ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹർജി പരിഗണിച്ചത്.
അതേ സമയം ബോബിയുടെ ജാമ്യഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ പോലീസ് കസ്റ്റഡിയിൽ വിടണമെന്നു പറയുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, പ്രതി നടിയെ തുടർച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമർശം നടത്തിയെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. മാത്രമല്ല ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു.
പച്ചക്കള്ളം, അടിസ്ഥാന രഹിതം, ആരോപണം പിൻവലിക്കണം- അൻവറിനു പി ശശിയുടെ വക നാലാമത്തെ വക്കീൽ നോട്ടീസുമെത്തി
എന്നാൽ, പ്രതി റിമാൻഡിലായപ്പോൾ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി.
കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.
നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ബോബിയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചത്. കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂർ നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. റിമാൻഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.
Leave a Comment