ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ മാസ് സിനിമയായ ‘പുഷ്പ 2: ദ റൂള്‍’ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു റെക്കോഡിലേക്കു നീങ്ങുന്നതിനിടെ സിനിമ നിര്‍ത്താന്‍ ആലോചിക്കുന്നെന്നു പ്രഖ്യാപിച്ചു സംവിധായകന്‍ സുകുമാര്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരം കോടി ക്ലബില്‍ ഇടം പിടിക്കുമ്പോഴാണ് വിവാദങ്ങളും പിന്നാലെ എത്തിയത്. അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകൂടിയാണിത്.
ഹൈദരാബാദിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായിട്ടാണു സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്ന മറുപടിവന്നത്. നടന്‍ രാംചരണ്‍ അടക്കമുള്ളവരെ വേദിയിലിരുത്തി നടത്തിയ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. പെട്ടെന്നു മൈക്ക് തട്ടിയെടുത്ത രാംചരണ്‍ അദ്ദേഹം ഉടനെയൊന്നും സിനിമ ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
പുഷ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സ്ത്രീ മരിച്ചതിനു പിന്നാലെ വന്‍ വിവാദങ്ങള്‍ക്കാണു തിരികൊളുത്തിയത്. സന്ധ്യ തിയേറ്ററിലുണ്ടായ തിരക്കിലാണ് സ്ത്രീ മരിച്ചത്. അല്ലു അര്‍ജുന്‍ സ്ഥലത്തു മുന്നറിയിപ്പില്ലാതെ എത്തിയതാണു വിനയായത്. ഇത് അദ്ദേഹത്തിന്റെ അറസ്റ്റിലേക്കും ചോദ്യം ചെയ്യലിലേക്കും അല്ലുവിന്റെ വസതി ആക്രമിക്കുന്നതിലേക്കുംവരെ നയിച്ചു.
സ്ത്രീയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം നല്‍കുമെന്നു പ്രഖ്യാപിച്ചു. സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ മെഡിക്കല്‍ ചെലവുകള്‍ ഏറ്റെടുക്കുമെന്നും അല്ലു വ്യക്തമാക്കിയിരുന്നു.
Leave a Comment