പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മറ്റൊരു ലോറി ഇടിച്ചതിനേത്തുടർന്ന്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറിയിൽ മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി റോഡരികിൽക്കൂടി നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. ലോറി വരുന്നതു കണ്ട ഒരു കുട്ടി ചാടിമാറിയെങ്കിലും മറ്റുള്ളവർക്കു രക്ഷപ്പെടാനായില്ല.
അതേസമയം മരിച്ച നാല് സ്‌കൂൾ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. അതേസമയം, കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല.
വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്.
അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീം- നബീസ ദമ്പതികളിടെ മകൾ നിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നാണ് ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്. സിമന്റെ ലോറിയിൽ തട്ടിയ വാഹനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ വാഹനത്തിന്റെ ഡ്രൈവർ വണ്ടൂർ സ്വദേശി പ്രജീഷിനെതിരേയും കേസെടുത്തിട്ടുണ്ട്.
പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി മറിഞ്ഞ് നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർഥിനികൾ
അപകടത്തെത്തുടർന്ന് കടുത്ത പ്രതിഷേധമുയർത്തി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. അപകടത്തിൽപ്പെട്ട ലോറി ക്രെയിനുപയോഗിച്ച് മാറ്റിയശേഷം വാഹനം കടത്തിവിടാനുള്ള പോലീസിന്റെ ശ്രമം ജനങ്ങൾ തടഞ്ഞിരുന്നു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തേയും പ്രതിഷേധത്തേയും തുടർന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Leave a Comment