പാലക്കാട്: പാലക്കാട് കല്ലടിക്കോട് ബസ് സ്റ്റോപ്പിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.
സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്ന ലോറി കുട്ടികളെ ഇടിച്ചുതെറുപ്പിച്ച ശേഷം മറിയുകയായിരുന്നു. പാലക്കാട് കരിമ്പ ഹൈസ് സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ലോറിയ്ക്കടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി മണർക്കാട്ടെ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വിദ്യാർഥികൾ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് അറിയുന്നത്. അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബെസിബിയുടെ സഹായത്തോടെ നിവർത്താനുള്ള ശ്രമം തുടരുകയാണ്. എങ്കിൽ മാത്രമേ ലോറിക്കടിയിൽ വേറെയും കുട്ടികൾ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയുകയുള്ളു. ഒരു കുട്ടികൂടി അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. ലോറി ഉയർത്തിയാൽ മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു.
Leave a Comment