കുട്ടിക്കാലത്ത് തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിൽ നിന്ന് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരിൽ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോർത്ത് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിൽ പരാതി നൽകിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടർന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവച്ചുവെന്ന് യുവതി ആരോപിക്കുന്നു.
വളരെ കുഞ്ഞായിരുന്ന കാലത്ത് തന്നെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അയാൾ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തു. അതി ക്രൂരമായ ഈ പീഡനങ്ങൾക്ക് ഇരയായ പെൺകുട്ടി പിന്നീട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
എന്നാൽ ഈ ചിത്രങ്ങൾ മറ്റൊരാൾ കൈവശം വയ്ക്കുന്നുണ്ടെന്നറിയിച്ച് അന്വേഷണ ഏജൻസികളിൽ നിന്ന് നിരന്തരമെന്നോണം യുവതിക്ക് അറിയിപ്പുകൾ ലഭിച്ചുവന്നിരുന്നു. അങ്ങനെയാണ് 2021 ൽ വെർമണ്ടിലുള്ള ഒരാളുടെ മാക്ക് ബുക്കിൽ ഈ ചിത്രങ്ങൾ ഉണ്ടെന്നും ഈ ചിത്രങ്ങൾ ആപ്പിളിന്റെ ഐക്ലൗഡിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയത്.
മാത്രമല്ല കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കണ്ടെത്താനുള്ള ഒരു ഫീച്ചർ ആപ്പിൾ അവതരിപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് ഈ അറിയിപ്പ് ലഭിച്ചത്. പക്ഷെ സൈബർ സുരക്ഷാ വിദഗ്ദരുടെ വിമർശനങ്ങളെ തുടർന്ന് അപ്പോഴേക്കും ഈ ഫീച്ചർ ആപ്പിൾ ഉപേക്ഷിച്ചിരുന്നു. സർക്കാർ ഏജൻസികൾ നിരീക്ഷണം നടത്തുമെന്നായിരുന്നു ഇതിനേക്കുറിച്ച് വിമർശകരുടെ വാദം.
എന്നാൽ നേരെ തിരിച്ചുള്ള ആരോപണമാണ് യുവതി ആപ്പിളിനെ ഉയർത്തിയത്. തന്നെ പോലുള്ള ഇരകൾക്ക് നൽകിയ വാഗ്ദാനം ആപ്പിൾ ലംഘിച്ചുവെന്ന് യുവതി തന്റെ പരാതിയിൽ ആരോപിക്കുന്നു. ടൂൾ ഉപയോഗിച്ച് തനിക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ടെത്തുകയും നീക്കം ചെയ്യുകയും പരാതി നൽകുകയും ചെയ്യുന്നതിന് പകരം അവ പ്രചരിപ്പിക്കുന്നതിന് ആപ്പിൾ അനുവദിച്ചുവെന്ന് യുവതി ആരോപിച്ചു. ആപ്പിളിന്റെ പ്രവർത്തന രീതി മാറ്റണമെന്നും ഇരകളായ 2680-ഓളം പേർക്ക് കേസിന്റെ ഭാഗമായി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. നിയമ പ്രകാരം കുറഞ്ഞത് 150000 ഡോളർ നഷ്ടപരിഹാരത്തിന് കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ഇരയായവർ അർഹരാണ്. അതായത് 120 കോടി ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസാണിത്.
അതേസമയം പുതിയതായി നിർമിക്കപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കപ്പെടുന്നത് തടയാൻ മാത്രമേ കമ്പനി അവതരിപ്പിച്ച സുരക്ഷാ ടൂളുകൾക്ക് സാധിക്കൂ എന്നാണ് ആപ്പിൾ വക്താവിന്റെ ഭാഗത്തുള്ള വിശദീകരണം.
Leave a Comment