കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി (55) യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതായി പോലീസ്. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉബൈദ് (38), ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ഡിസിആർബി ഡിവൈഎസ്പി കെജെ ജോൺസണിന്റെയും ബേക്കൽ ഇൻസ്‌പെക്ടർ കെപി ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണ്ണം ജ്വല്ലറികളിൽ വിറ്റുവെന്നാണ് അറിയുന്നത്. ജില്ലയിലെ ചില സ്വർണ്ണ വ്യാപാരികളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.
2023 ഏപ്രിൽ 14-നാണ് ഗഫൂർ ഹാജിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം ഗഫൂർഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഗൾഫിൽ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഗഫൂർ ഹാജിയെ റംസാൻ മാസത്തിലെ 25-ാം നാൾ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാൽ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. എന്നാൽ പിറ്റേന്ന് മുതൽ ഗഫൂർ വായ്പ വാങ്ങിയ സ്വർണാഭരണങ്ങൾ അന്വേഷിച്ച് ബന്ധുക്കൾ വീട്ടിലേക്ക് എത്തി. സ്വർണത്തിൻ്റെ കണക്കെടുത്തപ്പോൾ ഗഫൂർ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളിൽനിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ ആകെ 596 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇതോടെ കൊലപാതകമാണോയെന്ന സംശയത്തിൽ മകൻ മുസമ്മിൽ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി. തുടർന്ന് ബേക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രിൽ 27-ന് ഖബറിടത്തിൽ നിന്നും ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
പിതാവിന്റെ മരണത്തിലും ആഭരണങ്ങൾ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകൻ ബേക്കൽ പോലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. സംഭവത്തിൽ ഗഫൂറിന്റെ കുടുംബാംഗങ്ങളും കർമസമിതിയും നാട്ടുകാരും ഉൾപ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇവരുടെ സഹായികളിൽ ചിലർ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്പ തീർത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറിൽനിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
Leave a Comment